അമ്മ രോഗി; മകൻ അന്ധൻ; നമ്മുടെ നാട്ടിലാണ് ഈ കൂര; ഫണ്ട് നൽകാതെ പഞ്ചായത്ത്

സംരക്ഷിക്കാൻ ആരുമില്ലാതെ തകർന്നുവീഴാറായ കൂരയിൽ പട്ടികവിഭാഗക്കാരിയായ വയോധികയും അന്ധനായ മകനും. ചെമ്പ്രശ്ശേരി വില്ലേജിലെ തെയ്യമ്പാടികുത്ത് പുല്ലുപറമ്പിലെ മുണ്ടയിൽ കാളിയും (74) മകൻ സുരേഷ് ബാബുവും (45) ആണ് ചോർന്നൊലിക്കുന്ന കൂരയിൽ രണ്ടു പതിറ്റാണ്ടിലേറെയായി കഴിയുന്നത്. കാളി പലവിധ രോഗങ്ങളാൽ അവശതയിലാണ്. 

മകനാണെങ്കിൽ പൂർണ അന്ധനും. അവിവാഹിതനായ സുരേഷ് ബാബു വർഷങ്ങളായി ലോട്ടറി ടിക്കറ്റ് വിറ്റാണ് ജീവിതം തള്ളിനീക്കുന്നത്. തെങ്ങിൻ പട്ടയും പ്ലാസ്റ്റിക് ഷീറ്റും വലിച്ചുകെട്ടിയ കൂരയിൽ കാറ്റിനെയും മഴയെയും പേടിച്ചാണ് ഇവർ കഴിയുന്നത്. മഴ തുടങ്ങിയാൽ ഉറക്കമില്ലാതെ രണ്ടുപേരും നിലത്ത് കുത്തിയിരിക്കും. 

മിച്ചഭൂമിയായി ലഭിച്ചതിലെ 10 സെന്റ് സ്ഥലം കാളിയുടെ പേരിലുണ്ട്. വീടിനായി പഞ്ചായത്തിൽ എല്ലാ വർഷവും അപേക്ഷ നൽകും. ഇവർക്കു മാത്രം വീടിനു ഫണ്ട് അനുവദിക്കുന്നില്ല. പട്ടികവിഭാഗത്തിനുള്ള ആനുകൂല്യങ്ങളൊന്നും ഇവരെ തേടി എത്തിയിട്ടില്ല.