ക്യാമറകളും കൂടും ഒരുക്കി വനംവകുപ്പ്; വന്യജീവിയെ കാത്ത് ആകാംക്ഷയോടെ നാട്ടുകാർ

കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ നാട്ടിലിറങ്ങി ആടുകളെ കൊല്ലുന്ന വന്യജീവിയെ പിടികൂടാന്‍ ക്യാമറകളും കൂടും ഒരുക്കി വനംവകുപ്പ്. ഒരാഴ്ചയ്ക്കിടെ നാല് ആടുകളെയാണ് വന്യജീവി കൊന്നത്. എന്നാല്‍ കടുവയാണോ പുലിയാണോ നാട്ടിലിറങ്ങി ഇര പിടിക്കുന്നതെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 

കൂട്ടില്‍ കുടുങ്ങുന്ന വന്യമൃഗം ഏതാണെന്നറിയാനുള്ള ആകാംഷയിലാണ് നാട്ടുകാര്‍. കാല്‍പാടുകള്‍ പരിശോധിച്ച വനപാലകരുടെ നിഗമനം പുലിയാണെന്നാണ്. എന്നാല്‍ കണ്‍മുന്‍പില്‍നിന്ന് ആടിനെ പിടികൂടിയ ജീവി കടുവയാണെന്ന് നാട്ടുകാരനും പറയുന്നു. ഇതിനിടയില്‍ മുതുകാട് മേഖലയില്‍ കരിമ്പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടെത്തിയതും വനപാലകരെ വട്ടം കറക്കുന്നു. സമീപകാലത്തൊന്നും ഈ പ്രദേശത്ത് പുലിയും കടവും ഇറങ്ങിയ ചരിത്രവുമില്ല.

ചെമ്പനോടയിലെ തേരകത്തില്‍ ചാക്കോയുടെ കൂട്ടില്‍ കെട്ടിയ നാല് ആടുകളെയും മേയാനായി അഴിച്ചുവിട്ട വടക്കേക്കര റെജിയുടെ ആടിനെയുമാണ് വന്യജീവി പിടിച്ചത്.