വിരമിച്ച എസ്ഐയെ യാത്രയാക്കാൻ വാഹനം അനുവദിച്ചില്ല; പൊന്നാടയണിയിച്ച് ആദരിച്ച് എംപി

ഇന്നലെ ജോലിയിൽ നിന്നു വിരമിച്ച കുമ്പള തീരദേശ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.വി.കൃഷ്ണനെ യാത്രയയക്കാൻ ഔദ്യോഗിക വാഹനം അനുവദിച്ചില്ല. തുടർന്ന് ഇദ്ദേഹത്തെ വീട്ടിൽ വിളിച്ചുവരുത്തി പൊന്നാടയണിയിച്ച് അഭിവാദ്യം ചെയ്ത് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ലോക്ഡൗൺ ദുരിതത്തിനിടയിലും പയ്യന്നൂർ ഏരമത്തെ വീട്ടിൽ നിന്ന് 172 കിലോമീറ്റർ മോട്ടർ സൈക്കിളിൽ യാത്ര ചെയ്ത് കുമ്പളയിലെ തീരദേശ പൊലീസ് സ്റ്റേഷനിൽ ജോലിക്കെത്തിയിരുന്ന സബ് ഇൻസ്പെക്ടർ കെ.വി.കൃഷ്ണനെ സർവീസിൽ നിന്നു വിരമിക്കുന്ന ദിവസം ഔദ്യോഗിക വാഹനം നല്‍കാതെ സ്വകാര്യ വാഹനത്തിൽ യാത്ര അയക്കുകയായിരുന്നു.

വിവരമറിഞ്ഞു രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഫോണി‍ൽ വിളിച്ചെങ്കിലും ലഭ്യമായില്ല. തുടർന്ന് വീട്ടിലേക്ക് മടങ്ങാനിറങ്ങിയ കെ.വി.കൃഷ്ണനെ എംപി തന്റെ പടന്നക്കാട്ടെ വീട്ടിലേക്കു വിളിച്ചു വരുത്തി പൊന്നാടയണിയിച്ച് അഭിവാദ്യം ചെയ്ത് പിന്തുണ അറിയിച്ചു. ആത്മാർത്ഥമായ സർവീസ് റെക്കോർഡ് ഉള്ള ഉദ്യോഗസ്ഥനെ കോവിഡ് കാലത്ത് രാഷ്ട്രീയം നോക്കി അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് എംപി പറഞ്ഞു. ഇന്നേ ദിവസം തന്നെ വിരമിച്ച മറ്റു പൊലീസുകാരെ ഔദ്യോഗിക വാഹനത്തിൽ യാത്ര അയച്ചപ്പോളാണ് സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നതെന്ന് എംപി പറഞ്ഞു.

സ്വന്തം വാഹനത്തിൽ പയ്യന്നൂരിലെ വീട്ടിലെത്തിക്കാമെന്ന് എംപി അറിയിച്ചെങ്കിലും ഇദ്ദേഹം സ്നേഹപൂർവം നിരസിക്കുകയായിരുന്നു. എംപി വീട്ടിൽ വിളിച്ചുവരുത്തി അഭിനന്ദിച്ചത് ജീവിതത്തിലെ മറക്കാത്ത അനുഭവമാണെന്നും ഇതിൽ പരം മറ്റൊരു അംഗീകാരം ലഭിക്കാൻ ഇനി ഇല്ലെന്നും കെ.വി. കൃഷ്ണൻ പറഞ്ഞു. മുൻ പൊലീസ് അസോസിയേഷൻ ഭാരവാഹിയായ ഇദ്ദേഹത്തെ അപമാനിച്ചവർ പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം പി ആവശ്യപ്പെട്ടു.