റമസാന്‍ കാലത്ത് സംസ്ഥാനത്തെ പഴവര്‍ഗവിപണിയില്‍ വന്‍ ഇടിവ്

വിലക്കയറ്റമില്ലെങ്കിലും കോവിഡ്മൂലം റമസാന്‍ കാലത്ത് സംസ്ഥാനത്തെ പഴവര്‍ഗവിപണിയില്‍ വന്‍ ഇടിവ്. കനത്ത നിയന്ത്രണങ്ങളുള്ളതിനാല്‍ ഗ്രാമീണ മേഖലകളിലേക്കുള്ള പഴവര്‍ഗത്തിന്റെ വരവും കുറ‍‍ഞ്ഞു.

വിവിധയിനത്തില്‍പെട്ട പഴങ്ങള്‍ തുടച്ച് വൃത്തിയാക്കുന്ന വ്യാപാരികള്‍. വല്ലപ്പോഴും ആരെങ്കിലും വന്ന് കുറച്ച് വാങ്ങി കൊണ്ടുപോകും. ആവശ്യക്കാരെ കാത്തുവച്ച് ചീഞ്ഞുപോകുന്നവ മാലിന്യകൊട്ടയിലേക്കെറിയും. നോമ്പുകാലത്ത് സജീവമാകേണ്ട കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ കാഴ്ചയാണിത്. മൊത്തവിപണിയിലും തിരക്കില്ല. പഴങ്ങളുടെ വരവ് നാലിലൊന്നായി കുറഞ്ഞു.

പഴവര്‍ഗങ്ങള്‍മാത്രം വിറ്റിരുന്ന നാട്ടിന്‍പുറത്തെ മിക്ക കടകളും അടഞ്ഞുകിടക്കുകയാണ്. ഗ്രാമീണ മേഖലയിലേക്ക് പോകുന്ന പച്ചക്കറി വണ്ടികളിലാണ് കുറച്ചെങ്കിലും കയറ്റി വിടുന്നത്.