ഇനി മല്‍സരിക്കാന്‍ ആഗ്രഹമില്ല; കോളജിലേക്ക് മടങ്ങണം; കോടിയേരിയെ അറിയിച്ചു: ജലീല്‍

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ ആഗ്രഹമില്ലെന്ന് വെളിപ്പെടുത്തി മന്ത്രി കെ.ടി ജലീൽ. മനോരമ ന്യൂസ് നേരെ ചൊവ്വേയിലാണ് അദ്ദേഹം വ്യക്തിപരമായ അഭിപ്രായം തുറന്നുപറഞ്ഞത്.

മന്ത്രിയുടെ വാക്കുകൾ: വരുന്ന തിരഞ്ഞെടുപ്പിൽ കോവിഡ് കാലം സജീവ ചർച്ചയാകുമെന്നുറപ്പാണ്. ജനം എന്താണോ മനസിലാക്കിയത് അതുപോലെ അവർ വോട്ടുചെയ്യും. ഞാൻ മൂന്നുവട്ടം മൽസരിച്ചു. മൂന്നാം തവണ മന്ത്രിയുമായി. ഇനി മൽസരിക്കുമോ എന്നുചോദിച്ചാൽ വ്യക്തിപരമായി എന്റെ അഭിപ്രായം മറ്റൊന്നാണ്. എനിക്ക് എന്റെ കോളജിലേക്ക് മടങ്ങണം. കോളജ് അധ്യാപകനായി തന്നെ വിരമിക്കണം എന്നാണ് ആഗ്രഹം– അദ്ദേഹം പറഞ്ഞു. 

ഈ ആഗ്രഹം ഞാൻ കോടിയേരി ബാലകൃഷ്ണനോട് അടക്കം പങ്കുവച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ സെക്രട്ടറിയോടും പാലൊളിയോടുമടക്കം പറഞ്ഞിട്ടുണ്ട്. പക്ഷേ എല്ലാ പാർട്ടി തീരുമാനിക്കുന്ന പോലെയാണ്. വ്യക്തിപരമായ അഭിപ്രായം ഇതാണെങ്കിലും എന്റെ പാർട്ടി പറഞ്ഞാൽ അത് അനുസരിക്കും. അനാഥനായ കാലത്ത് തുണയായതും തണലായതും സിപിഎം എന്ന പാര്‍ട്ടിയാണ്. പാര്‍ട്ടി എന്തുപറയുന്നോ അത് അനുസരിക്കും. വിരമിക്കാന്‍ ഇനി എനിക്ക് 3 വര്‍ഷമുണ്ട്. കോളജ് അധ്യാപകനായി പോയാലും ഇനി മൂന്നുവർഷം എനിക്ക് പഠിപ്പിക്കാം.’ ജലീൽ പറയുന്നു. 

തിരൂരങ്ങാടി പിഎസ്എംഓ കോളജിലാണ് ജലീല്‍ പഠിച്ചതും പിന്നീട് ദീര്‍ഘകാലം അധ്യാപകനായതും. പിഎസ്എംഓ തനിക്ക് കേവലം ജോലി ചെയ്യുന്ന ഒരു സ്ഥാപനം മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നേരേ ചൊവ്വേ പൂര്‍ണ വിഡിയോ കാണാം.