കൃഷിയുടെ ഒരു പങ്ക് സമൂഹ അടുക്കളയിലേക്ക്: മാതൃകയായി പെണ്ണുകുട്ടി മുത്തശ്ശി

വയസുകാലത്ത് നനച്ചു വളര്‍ത്തിയ പച്ചക്കറിയുടെ ഒരു പങ്ക് സമൂഹ അടുക്കളക്കായി മാറ്റിവച്ച്  കോഴിക്കോട് കോട്ടൂരിലെ 84 വയസുള്ള ഒരമ്മൂമ്മ. കൂട്ടാലിടയില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളയിലേക്കാണ്  പെണ്ണുകുട്ടി പച്ചക്കറികള്‍ കൈമാറിയത്

വയസ് 84. പക്ഷെ വെറുതെ ഇരിക്കാന്‍ ഒരുക്കമല്ല. ഇക്കാലയളലില്‍ അങ്ങനെയൊരു ശീലം കോട്ടൂര്‍ സ്വദേശിനിയായ പെണ്ണുകുട്ടിക്ക് ഇല്ല. ഇരുപതാം വയസില്‍ തുടങ്ങിയതാണ് കൃഷി. ഉപജീവനമാര്‍ഗവും ഇതു തന്നെ .വീട്ടിനുമുറ്റത്താണ് കൃഷി ചെയ്യുന്നത്.ആരുടേയും സഹായമില്ല. കൃഷിക്കായി മണ്ണെടുക്കുന്നതുള്‍പ്പടെ ഇവര്‍ തന്നെയാണ്. പടവലം, കപ്പ എളവന്‍, മത്തന്‍ ചീര, മഞ്ഞള്‍ അങ്ങനെ എല്ലാമുണ്ട് ഇവിടെ. ഇതില്‍ നിന്നൊരു പങ്കാണ് സമൂഹ അടുക്കളയിലേക്ക് നല്‍കിയത്.

ജൈവ കൃഷിരീതിയായതിനാല്‍ ഈ പച്ചക്കറിക്ക് ആവശ്യക്കാര്‍ ഏറെയാണ്.മുന്‍കാലങ്ങളില്‍ നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് പോയിരുന്നു.എന്നാല്‍ ഇപ്പോള്‍ പോവാറില്ല. ഇതു മാത്രമല്ല  ചൂല്‍ ഉണ്ടാക്കി വീടുകളില്‍ എത്തിച്ചു നല്‍കുന്നുമുണ്ട് ഈ വയസുകാലത്ത് .