ലോക്ഡൗണിലും ഈസ്റ്ററൊരുക്കാൻ മലയാളികൾ; കടകളിൽ തിരക്ക്

ലോക്ക്ഡൗണില്‍  ആഘോഷങ്ങൾ പേരിനു മാത്രമാണെങ്കിലും ഈസ്റ്ററിന്  തീൻമേശയിൽ വിഭവങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളി. മത്സ്യ, മാംസ മാർക്കറ്റുകളിലും  പച്ചക്കറികടകളിലുമെല്ലാം നല്ലതിരക്കാണ്. സുരക്ഷയുറപ്പാക്കാൻ മാർക്കറ്റുകളിൽ ഭക്ഷ്യവകുപ്പിന്റെ പരിശോധനയും നടക്കുന്നുണ്ട്.

കുടുംബമായുള്ള ഒത്തുകൂടൽ ഇല്ല, പള്ളിയിൽ പോയുള്ള ചടങ്ങുകളും ഇല്ല ലോക്ക് ഡൗൺ കാലത്തെ ഈസ്റ്റർ അല്പം ഇറച്ചി കഴിച്ചെങ്കിലും ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളി.പുലർച്ചെ മുതൽ   ഇറച്ചി കടകൾക്ക് മുന്നിൽ  നീണ്ട വരിയാണ്. അകലം പാലിച്ചു നിൽക്കുന്നവരെയും അടുത്തടുത്ത് നിൽക്കുന്നവരെയുമെല്ലാം കാണാം. ബീഫിനാണ് ഇഷ്ടംകാരേറെയും. ക്ഷാമം ഉണ്ടെങ്കിലും നിരക്ക് കാര്യമായി  കൂട്ടിയിട്ടില്ല.

ചിക്കൻ കടകൾക്ക് മുന്നിലും മത്സ്യം മാർക്കറ്റ്കളിലും തിരക്കുണ്ട്. പലയിടത്തും ആൾക്കൂട്ടം ഒഴിവാക്കാൻ പൊലീസ്  ഇടപെടലുണ്ട്

 ഓപറേഷൻ സാഗർറാണിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പും ഫിഷറിസ് വകുപ്പും സംയുക്തമായുള്ള പരിശോധനയും പലയിടത്തും തുടരുകയാണ്. കൊച്ചി മുനമ്പത്തു നിന്ന് 1125 കിലോ പഴകിയ മത്സ്യവും  ചമ്പക്കര മാർകെറ്റിൽ നിന്ന്  50 കിലോ പഴകിയ  മത്സ്യവും  പിടിച്ചെടുത്തു നശിപ്പിച്ചു. മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകൾ ഉപയോഗിച്ചാണ് പരിശോധന.