വേനലെത്തും മുൻപേ വറ്റി ഭാരതപ്പുഴ; ജലവിതരണം പ്രതിസന്ധിയിലേക്ക്

കൊടുംവേനലെത്തുംമുൻപെ ഭാരതപുഴ വറ്റിത്തുടങ്ങി. പതിവിന് വിപരീതമായി പെട്ടന്നാണ് വെള്ളത്തിന്‍റെ അളവ് കുറഞ്ഞത്. കുടിവെള്ള പദ്ധതികളുടെ കിണറുകളിൽ വെള്ളമെത്താത്തതിനാൽ ജലവിതരണം പ്രതിസന്ധിയിലാണ്. 

 പുഴയിൽ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് ചാലുകൾ കീറി, പല സ്ഥലങ്ങളിലായുള്ള വെള്ളം ശേഖരിക്കുകയാണ്. ജലവിതരണ പദ്ധതികളുടെ കിണറുകളിൽ വെള്ളമെത്തിക്കാൻ ഇനി ഇതേയുള്ളു മാർഗം.നിളയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ഒട്ടുമിക്ക പദ്ധതികളും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്.

മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കാൻ ചിലയിടങ്ങളിൽ നാട്ടുകാർ വിസമ്മതിച്ചതോടെ, നടപടി നിർത്തിവെയ്ക്കാനും വാട്ടർ അതോറിറ്റി നിർബന്ധിതരായി. ശക്തമായ വേനൽമഴ ലഭിച്ചില്ലെങ്കിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടാനാകും നിളയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ വിധി.