തോട്ടം തുറന്നാലും ഗുണകരമാകില്ല; നിബന്ധനകൾ തിരിച്ചടി

നിയന്ത്രണങ്ങളോടെ തോട്ടങ്ങൾ തുറക്കാനുള്ള സർക്കാർ ഉത്തരവ് വയനാട്ടിലെ ഭൂരിഭാഗം തേയില തോട്ടം തൊഴിലാളികള്‍ക്കും ഗുണകരമാകില്ല. പാടികളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ ജോലിയെടുക്കാനാകൂ എന്ന നിബന്ധനയാണ് കാരണം. ജില്ലയില്‍ അറുപത് ശതമാനം തൊഴിലാളികളും താമസിക്കുന്നത് പാടിക്ക് പുറത്താണ്. കൊളുന്ത് നുള്ളുന്നതിന് അര ഏക്കറിൽ ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാവൂ തുടങ്ങിയ നിബന്ധനകളും തിരിച്ചടിയാകും.

അടച്ചിട്ട സംസ്ഥാനത്തെ തോട്ടങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിന് കർശന നിയന്ത്രണങ്ങളോടെ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. തേയില തോട്ടങ്ങളിലെ പാടികളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ ജോലി നല്‍കാവൂ എന്നതാണ് പ്രധാന നിബന്ധന. മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ ജോലിക്കെത്തുന്നത് തടയാനാണിത്.

എന്നാല്‍ പാടികളില്‍ അടിസ്ഥാനസൗകര്യമില്ലാത്തതും മറ്റും കാരണം വയനാട്ടിലെ അറുപത് ശതമാനത്തോളം തദ്ദേശീയരായ തൊഴിലാളികളും താമസിക്കുന്നത് പാടിക്കു പുറത്തുള്ള മറ്റിടങ്ങളിലാണ്. ഉത്തരവിലെ ഈ നിര്‍ദേശം അനുവദിക്കാന്‍ കഴിയില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്.

തേയില കൊളുന്ത് നുള്ളുന്നതിന് അര ഏക്കറിൽ ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.

കൊളുന്ത് തൂക്കുന്ന സ്ഥലത്ത് തൊഴിലാളികൾ തമ്മിൽ ഏട്ടടി അകലം പാലിക്കണം. ഉത്തരവില്‍ വ്യക്തത വന്നതിനു ശേഷം ജോലി ആരംഭിച്ചാല്‍ മതിയെന്നാണ് ചില തോട്ടം ഉടമകളുടെ തീരുമാനം. പതിനായിരത്തോളം തേയില തോട്ടം തൊഴിലാളികളുണ്ട് വയനാട്ടില്‍.