ആദിവാസി ഊരുകളിലെ നാടൻ വിഭവങ്ങൾ വേണോ? 'വനിക' എത്തിക്കും

ആദിവാസി ഊരുകളിൽ വിളയിച്ചെടുക്കുന്ന നാടൻ വിഭവങ്ങൾ ആവശ്യക്കാരുടെ വീട്ടിലെത്തിക്കുന്ന വനിക പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്തെ അഗസ്ത്യാവനം ബയോളജിക്കൽ പാർക്ക് റെയിഞ്ചിലാണ് പദ്ധതി നടപ്പാക്കിയത്. ലോക് ഡൗൺ കാലത്ത് ആദിവാസികൾക്ക് സാമ്പത്തിക നേട്ടം ഉറപ്പാക്കുന്നതും വനികയുടെ ലക്ഷ്യമാണ്.

രാസവളങ്ങളൊന്നും ചേരാതെ കാട്ടിലെ മണ്ണിൽ വിളഞ്ഞ പല തരം വാഴക്കുലകൾ , ചേമ്പ്, കാച്ചിൽ , ചേന , മാങ്ങ തുടങ്ങി ഇഷ്ടം പോലെ പച്ചക്കറികളും കിഴങ്ങുകളും വട്ടിയും കുട്ടയും തുടങ്ങി കാട്ട് തേൻ വരെയുള്ള ആദിവാസികളുടെ ട്രേഡ് മാർക്ക് ഉൽപ്പനങ്ങൾ . ഇവയിൽ എത് വേണമെങ്കിലും നിങ്ങളുടെ വീട്ടുപടിക്കലെത്താൻ ഒരൊറ്റ വാട്സാപ്പ് സന്ദേശം മതി. അതാണ് വനം വകുപ്പ് ന്റെ വനിക പദ്ധതി. സംസ്ഥാനത്തെമ്പാടും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്തെ അഗസ്ത്യാ വനം , പേപ്പാറ, നെയ്യാർ റെയിഞ്ചുകളിലാണ് തുടങ്ങിയിരിക്കുന്നത്. 

ആദിവാസികൾ അവരുടെ ഔരിലെ ഒരു കേന്ദ്രത്തിൻ ആഴ്ചയിൽ രണ്ട് ദിവസം സാധനങ്ങളെത്തിക്കും. വനം വകുപ്പ് അവിടെ പോയി വിപണി വില  കൊടുത്ത് വാങ്ങും. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് രക്ഷെ-ടുന്നതിനൊപ്പം ആദിവാസികൾക്ക് കയ്യോടെ കാശും കിട്ടും.

ഇവ നാട്ടുകാർക്ക് വിൽക്കാനായി വനം വകുപ്പ് വാട്സ് അപ്പ് കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. വിൽപ്പനക്കുളളവ വില സഹിതം ഈ ഗ്രൂപ്പിൽ അറിയിക്കും. ഗ്രൂപ്പിലുള്ളവർ അറിയിച്ചാൽ അവരുടെ വീട്ടിൽ വനം വകുപ്പ വണ്ടിയിൽ സാധനം എത്തും. തിരുവനന്തപുരത്തുള്ളവർ 8547602958 ഈ നമ്പരിൽ വാട്സാപ്പ് ചെയ്താൽ പദ്ധതിയിൽ അംഗമാകാം.