റാന്നി കുടുംബത്തെ ആദ്യം പരിശോധിച്ച ഡോക്ടര്‍; ഒറ്റപ്പെടലിന്‍റെ കാലം: അനുഭവം

ജീവിതത്തിൽ ആദ്യമായി ഒറ്റപ്പെടലിനെ അതിജീവിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡോ.അശോക് താഴമൺ. കോവിഡ് ഇല്ലെങ്കിലും പുറത്തിറങ്ങാനോ ഉറ്റവരെ കാണാനോ സാധിക്കാതെ 24 ദിവസം ഒറ്റയ്ക്കിരുന്ന ശേഷമാണ് ഇന്ന് വീണ്ടും കർമനിരതനാകുന്നത്. കോവിഡ് സ്ഥിരീകരിച്ച റാന്നി ഐത്തലയിലെ ഇറ്റലി കുടുംബം പനിക്ക് ചികിത്സ തേടി മാർച്ച് 4ന് റാന്നി മാർത്തോമ്മാ ആശുപത്രിയിൽ ഡോ. അശോകിന്റെ അടുക്കലാണ് എത്തിയത്. സാധാരണ പനി പോലെയാണ് തോന്നിയത്. 

ഇവർക്ക് 7ന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കമായതിനാൽ നീരീക്ഷണത്തിൽ കഴിയാനായിരുന്നു ഡിഎംഒയുടെ നിർദേശം. പ്ലാങ്കമണ്ണിലെ വീട്ടിൽ പ്രായമായ അമ്മച്ചി ഉള്ളതിനാൽ തീയാടിക്കലുള്ള ബന്ധു വീട്ടിലായിരുന്നു താമസം. അവർ വിദേശത്തായതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

ഭാര്യ ഡോ. ജിനു അശോക് പോണ്ടിച്ചേരി വിനായക മെഡിക്കൽ കോളജിലായിരുന്നതിനാൽ ഒപ്പം നിൽക്കാൻ ആരുമില്ലായിരുന്നു. മറ്റാരുമായും ബന്ധവുമില്ലാതെ മുറിക്കുള്ളിൽ അടച്ചിരുന്നു. വായനയായിരുന്നു പ്രധാന പണി. നല്ല കഥകൾ വായിക്കുമ്പോൾ ആത്മസംഘർഷം കുറഞ്ഞു. പ്ലാങ്കമണ്ണിലെ വീട്ടിൽനിന്നു ഭക്ഷണം എത്തിച്ചു നൽകി. കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. എന്നാലും 24 ദിവസവും ക്വാറന്റീൻ തുടരാൻ തീരുമാനിക്കുകയായിരുന്നു.