പ്ലാസ്റ്റിക്കിനെതിരെ വേറിട്ട യുദ്ധവുമായി മലപ്പുറം എടപ്പാൾ സ്വദേശി മനോഹരൻ. കഴിഞ്ഞ 15 വർഷങ്ങളായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് നാരുകൾ ഉപയോഗിച്ച് നിത്യോപയോഗ സാധനങ്ങൾ നിർമിക്കുകയാണ് ഇദ്ദേഹം. വിദ്യാർഥികൾക്കും അധ്യാപകർക്കും ഇത് സംബന്ധിച്ച് പരിശീലനം നൽകാനും മനോഹരൻ മുൻപിലുണ്ട്.
തേങ്ങ പിരിയ്ക്കാന്‍ തെങ്ങിൽ കയറിയപ്പോള്‍ താഴേയ്ക്കൊന്നു നോക്കിയ മനോഹരൻ ശരിക്കും ഞെട്ടി. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞൊരു ഭൂമി. അന്നാണ് പ്ലാസ്റ്റിക്ക് ഭൂമിക്കുണ്ടാക്കുന്ന ദോഷം വളരെ വലുതാണെന്ന തിരിച്ചറിവ് മനോഹരനുണ്ടാവുന്നത്. പിന്നീടുള്ള ദിവസങ്ങൾ പ്ലാസ്റ്റിക്കിനെതിരെയുള്ള ഒറ്റയാൾ പോരാട്ടത്തിൻ്റെതായിരുന്നു. ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുപയോഗിച്ച് അദ്ദേഹം നിത്യോപയോഗ സാമഗ്രികൾ നിർമ്മിച്ചു തുടങ്ങി.
പൂവട്ടിയും , കൊട്ടയും, മുറവുമെല്ലാം മനോഹരന്‍ നിര്‍മ്മിക്കുന്നത് ഉപജീവനത്തിനല്ല. പ്ലാസ്റ്റിക്കിനെതിരെയുള്ള അദ്ദേഹത്തിൻ്റെ യുദ്ധം മാത്രമാണത്. ഉപേക്ഷിക്കപ്പെടുന്ന കുപ്പികളിൽ നിന്ന് പ്ലാസ്റ്റിക്കിനെ വളളികളായി അടർത്തിമാറ്റാൻ ഒരു യന്ത്രം തന്നെ അദ്ദേഹം സ്വന്തമായി നിർമിച്ചുപ്ലാസ്റ്റിക്കിനെ മുഴുവനായും ജീവിതത്തിൽ നിന്ന് അകറ്റി നിർത്താൻ സാധിക്കില്ലെന്നും മനോഹരനറിയാം. പക്ഷെ, ശക്തമായ സർക്കാർ തീരുമാനങ്ങളുണ്ടായാൽ അപകടകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്
മനോഹര്റെ മനോഹരമായ ആശയവും സൃഷ്ടികളും വരും തലമുറക്ക് പകർന്നു നൽകാനും അദ്ദേഹം മുന്നിലുണ്ട്. സംരംഭം മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് മനോഹരനുള്ളത്.