മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ടിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം വലിയതുറയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ വള്ളത്തില്‍ ബോട്ടിടിച്ച് മല്‍സ്യത്തൊഴിലാളി മരിച്ചു. ചെറിയതുറ സ്വദേശി നിക്കോളാസ് ആണ് മരിച്ചത്. ഒരു മണിക്കൂറോളം കടലില്‍ കിടന്ന മൂന്ന് പേരെ മറ്റ് വള്ളങ്ങളെത്തി രക്ഷിച്ചു. ഇടിച്ച ബോട്ട് തിരിച്ചറിഞ്ഞില്ല.

പുലര്‍ച്ചെ അഞ്ചരയോടെ ഉള്‍ക്കടലിലാണ് നിക്കോളാസിന്റെ ജീവനെടുത്ത അപകടമുണ്ടായത്. നിക്കോളാസും സുഹൃത്തുക്കളായ ബാബു, ഫ്രാന്‍സിസ്, ഏന്തപ്പന്‍ എന്നിവരുമടങ്ങിയ സംഘം ഇന്നലെ വൈകിട്ടോടെയാണ് യന്ത്രം ഘടിപ്പിച്ച വള്ളവുമായി കടലിലേക്ക് പോയത്. തീരത്ത് നിന്ന് പതിമൂന്നരക്കിലോമീറ്ററോളം അകലെ തമ്പടിച്ച് വലവീശിയ സംഘം പുലര്‍ച്ചെ തിരികെ മടങ്ങാന്‍ തുടങ്ങുകയായിരുന്നു. വല വലിക്കുന്നതിനിടെ ബോട്ട് വന്നിടിച്ച് തെറിപ്പിച്ചു.

മൂന്ന് പേര്‍ മറിഞ്ഞ വള്ളത്തില്‍പിടിച്ചും നീന്തിയും കിടന്നെങ്കിലും നിക്കോളാസ് മുങ്ങിപ്പോയി. ഒരു മണിക്കൂറോളം കഴിഞ്ഞ് രാവിലെ മല്‍സ്യബന്ധനത്തിനെത്തിയ മറ്റ് വള്ളങ്ങളാണ് അപകടത്തില്‍പെട്ട ഇവരെ കണ്ടതും മൂന്ന് പേരെ രക്ഷിച്ചതും. കോസ്റ്റല്‍ പൊലീസിന്റെയും മല്‍സ്യബന്ധനവകുപ്പിന്റെയും സഹായത്തോടെ മൃതദേഹം നാട്ടിലെത്തിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള വള്ളമാണ് ഇടിച്ചതെന്ന് കരുതുന്നുണ്ടെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. ഒരു മാസം മുന്‍പും ഇത്തരത്തില്‍ ബോട്ടിടിച്ച് മല്‍സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റിരുന്നു. അപകടമുണ്ടാക്കുന്ന ബോട്ടുകളെ പിടിക്കാന്‍ പൊലീസും കോസ്റ്റുഗാര്‍ഡും ശ്രമിക്കാറില്ലെന്ന് വ്യാപക പരാതിയുണ്ട്