വെട്ടിയും കുത്തിയും കൊല; അരൂരിലെ സീരിയൽ കില്ലർ; യാഥാർത്ഥ്യമെന്ത്?

\അരൂരിൽ എഴുപുന്ന– നീണ്ടകര ഭാഗങ്ങളിലായി സീരിയൽ കില്ലർ വിലസുന്നുവെന്നും വളർത്തു നായ്ക്കളെ ക്രൂരമായി ആക്രമിക്കുന്നു എന്നും വ്യാപകമായി വാർത്ത പ്രചരിക്കുന്നു. കണ്ണുകൾ ചൂഴ്ന്നെടുത്തും ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചുമാണ് കൊലകളെന്നും പ്രചാരണമുണ്ട്. സംഭവത്തിന്‍റെ യാഥാർത്ഥ്യത്തെ കുറിച്ച് വിശദീകരിക്കുകയാണ് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ അരൂർ എസ് ഐ മനോജ് കെ എസ്.

ജനുവരി 30 നാണ് കേസിലെ ആദ്യ സംഭവം. നീണ്ടകര ഭാഗത്ത് മൂന്ന് വളർത്തു നായ്ക്കളുള്ള ഒരു വീട്ടിലെ നായയെ കുത്തി പരിക്കേൽപ്പച്ചിരിക്കുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. എന്നാൽ ഇത് പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ ഇവർ തയ്യാറായില്ല. തുടർന്ന് രണ്ടാം ദിവസം 

രാത്രി വീടുനു പുറത്ത് ഒരാളെ കണ്ടു. രാവിലെ നായയെ വെട്ടിക്കൊലപ്പെടുത്തിയതായി കണ്ടെത്തി. തുടർന്നാണ് പൊലീസിൽ അറിയിക്കുന്നത്.

ഈ പരിസരങ്ങളിലായി വീണ്ടും പട്ടികൾക്ക് നേരെ ആക്രമണങ്ങളുണ്ടായി. ഒരു നായയെ കാണാനില്ലെന്നും പരാതിയുണ്ട്. മറ്റൊരു നായയെ അടിച്ച് പരുക്കേൽപ്പിച്ച് മുഖം ത‌കർത്ത അവസ്ഥയിലാണ്. എന്നാൽ തുടരെ കേസുകളൊന്നും റിപ്പോർട്ട് ചെയ്യ്തിട്ടില്ലെന്നും എസ്ഐ പറയുന്നു. കത്തിയോ മറ്റ് മൂർച്ചയുള്ള ആയുധംകൊണ്ടോ ആണ് നായ്ക്കളെ പരിക്കേൽപ്പിച്ചിരിക്കുന്നത്. അതേസമയം കണ്ണുകൾ ചൂഴ്ന്നെടുത്തു എന്ന പ്രചാരണം തെറ്റാണ്.

വളർത്തുനായ്ക്കളാണ് ആക്രമണങ്ങൾക്ക് ഇരയാകുന്നതെന്നതാണ് കേസിലെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. നായ്ക്കളോട് വിരോധമുള്ള ആരുടെയെങ്കിലും പ്രവർത്തിയാണെങ്കിൽ തൊരുവുനായ്ക്കളേയും അക്രമിക്കുമായിരുന്നു. എന്നാൽ പ്രദേശത്ത് അത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സ്ഥലത്ത് ഉയരമുള്ള ഒരാളെ സംശയ്സ്പദമായ സാഹചര്യത്തില്‍ കണ്ടെന്നും രണ്ടു പ‌േർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ച അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.

അജ്ഞാതൻ മനുഷ്യരെ ആക്രമിച്ചിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്.‌ പ്രദേശത്തെ കുറിച്ച് നന്നായി അറിയാവുന്ന ആരോ ആണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് നിഗമനം. സാമൂഹ്യ വിരുദ്ധരോ മനോവൈകല്യമുള്ളവരോ ആയിരിക്കാ‌ം ഇതിനു പിന്നിലെന്നും സംശയമുണ്ട്. പ്രദേശത്തെ നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ് പൊലീസ്.