പഠനം പോര; റിപ്പോർട്ട് തള്ളി ഹരിത ട്രൈബ്യൂണൽ

തിരൂര്‍ മലയാള സര്‍വകലാശാലയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ പരിസ്ഥിതി ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തള്ളി ഹരിത ട്രൈബ്യൂണല്‍. വേണ്ടത്ര പഠനം നടത്തിയിട്ടില്ലെന്നും ആവശ്യമുള്ള രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നും കാണിച്ചാണ് നടപടി. രണ്ട് മാസത്തിനകം വിശദ റിപ്പോര്‍ട്ട് നല്‍കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.  

മലയാള സര്‍വകലാശാലാ ക്യാംപസിന് തിരൂർ വെട്ടം വില്ലേജില്‍ കണ്ടെത്തിയ ഭൂമിയുടെ പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ടാണ് ഹരിത ട്രൈബ്യൂണല്‍ തള്ളിയത്. കേരളാ സ്‌റ്റേറ്റ് വെറ്റ്‌ലാന്‍ഡ് അതോറിട്ടിയുടെ സീനിയര്‍ ഓഫീസര്‍,ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍,ജില്ലാ കലക്ടര്‍ തുടങ്ങി ഏഴ് പ്രധാന ഉദ്യോഗസ്ഥർ തയാറാക്കിയ റിപ്പോര്‍ട്ടാണിത്. റിപ്പോര്‍ട്ടിന്റെ അവ്യക്തതയും അപൂര്‍ണാവസ്ഥയും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ഏറ്റെടുത്ത സ്ഥലത്ത് കണ്ടല്‍ക്കാടുകളുണ്ടോ, കെട്ടിട നിര്‍മാണം അനുവദിക്കാമോ, പരിസ്ഥിതി ദുര്‍ബല പ്രദേശമാണോ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി പൂർണ റിപ്പോർട്ട് രണ്ട് മാസത്തിനകം സമർപ്പിക്കാനും ട്രൈബ്യൂണല്‍ നിർദേശിച്ചു. സ്ഥലം കണ്ടല്‍ക്കാടുകളും തണ്ണീര്‍ത്തടങ്ങളുമടങ്ങിയ പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നാരോപിച്ചായിരുന്നു വെട്ടം സ്വദേശി ഹസൈനാര്‍ ഷാര്‍ജിദ് 2019 ൽ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. 

അടുത്ത സിറ്റിങ് ഏപ്രില്‍ ഒന്നിന് നടക്കും. ഹരിത ട്രൈബ്യൂണലില്‍ നിന്ന് വിമര്‍ശനവും നേരിട്ടതോടെ മലയാള സര്‍വകലാശാല ഭൂമി ഏറ്റെടുപ്പ് വിവാദം അവസാനമില്ലാതെ തുടരുകയാണ്.