കടം വാങ്ങിയ പണം തിരികെനൽകി യുവതി; കീറിയെറിഞ്ഞ് അപമാനിച്ചു; പൊലീസ് അന്വേഷണം

കടം വാങ്ങിയ പണം തിരികെ നൽകാൻ എത്തിയ യുവതി അപമാനിക്കുന്ന വിഡിയോ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വൈറാണ്. ഇതേ കുറിച്ച് വിശദമായ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലം ഉമയനല്ലൂർ സ്വദേശിയായ നിവാസ് എന്ന വ്യക്തിയാണ് യുവതിയെ സാക്ഷിയാക്കി കറൻസി കീറിയെറിഞ്ഞത്. ഭർത്താവ് കടം വാങ്ങിയ പണം തിരികെ നൽകാൻ എത്തിയപ്പോഴായിരുന്നു ഇൗ പ്രതികരണം. വിഡിയോ വൈറലായതോെട വിശദീകരണവുമായി ഇയാൾ രംഗത്തെത്തിയിരുന്നു. 

രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് ഉമയനല്ലൂര്‍ സ്വദേശി കീറിയെറിഞ്ഞത്. ഇയാളുടെ ഭാര്യ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നടപടി വേണമെന്ന ആവശ്യം ശക്തമായതോടെ വിശദീകരണവുമായി യുവാവ് തന്നെ രംഗത്തു വന്നിരുന്നു. കളിനോട്ടുകളാണ് താൻ കീറിയെറിഞ്ഞത് എന്നാണ് ഇയാളുടെ വിശദീകരണം.

വിഡിയോ വലിയ ചർച്ചയായതോടെ  ചാത്തന്നൂർ എസിപിയോട് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സേനയുടെ വാട്സാപ് ഗ്രൂപ്പുകളിലും യുവാവ് നോട്ട് കീറിയെറിയുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. വസ്തുത അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന്‍ ചാത്തന്നൂർ എസിപിയെ ചുമതലപ്പെടുത്തിയത്. അതേസമയം ഇതേ കുറിച്ച് പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് കൊട്ടിയം പൊലീസ് വ്യക്തമാക്കുന്നത്.