പെര്‍മിറ്റില്ലാതെ സര്‍വീസ്; നിയമം ചട്ടവിരുദ്ധം; വിയോജിപ്പുമായി സംസ്ഥാനം

ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താമെന്ന കേന്ദ്രനിയമത്തിനോട് വിയോജിപ്പറിയിച്ച് കേരളം. ഉപരിതലഗതാഗത മന്ത്രാലയ സെക്രട്ടറിക്ക് സംസ്ഥാന ഗതാഗത സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ എതിര്‍പ്പറിയിച്ചു കൊണ്ട് കത്തയച്ചു. 

ആഡംബര ബസുകള്‍ നിരത്തുകളില്‍ നിയമം ലംഘിച്ച് പായുകയാണ് സംസ്ഥാനത്തൊട്ടാകെ. അതിനിടയില്‍ ആണ് ചട്ടവിരുദ്ധമായ നിയമവുമായി കേന്ദ്രം രംഗത്തെത്തിയത് എന്നാണ് സംസ്ഥാനത്തിന്‍റെ വാദം. മോട്ടോര്‍ വാഹനനിയമത്തിലെ 66ാം വകുപ്പ് പ്രകാരം അടിയന്തര സാഹചര്യം കണക്കിലെടുത്ത് വാഹനങ്ങളുടെ പെര്‍മിറ്റ് ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ ഉത്തരവിടുന്നതില്‍ തെറ്റില്ല. എന്നാല്‍ അത്തരത്തിലുള്ള സാഹചര്യങ്ങളൊന്നുമില്ലാതെ സ്വീകരിച്ച നടപടി അംഗീകരിക്കാനാകില്ല. ഗതാഗത മേഖലയിലെ സര്‍ക്കാരിന്‍റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും കേന്ദ്രനിയമം വഴിവയ്ക്കുമെന്നാണ് സംസ്ഥാനത്തിന്‍റെ വാദം.

മോട്ടോര്‍ വാഹനവകുപ്പ്, കെ.എസ്.ആര്‍. ടി.സി. ട്രേഡ് യൂണിയനുകള്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ കൂടി സമാഹരിച്ച് നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാണ് കത്ത് തയ്യാറാക്കിയത്.