ബോട്ടുകളുടെ ശവപ്പറമ്പായി ബോട്ട് ജെട്ടി; കൊട്ടിഘോഷിച്ച സര്‍വീസും നിലച്ചു

ജലഗതാഗത വകുപ്പിന്റെ കോടികള്‍ വിലമതിപ്പുള്ള ബോട്ടുകളുടെ ശവപ്പറമ്പായി എറണാകുളം ബോട്ട് ജെട്ടി. ഒരു വര്‍ഷം മുന്‍പ് ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച കൊച്ചിയില്‍നിന്നുള്ള വൈക്കം സര്‍വീസും നിലച്ചു. രണ്ട് കോടി വിലമതിപ്പുള്ള അത്യാധുനിക ബോട്ടിന്‍റെ അവസ്ഥയും ഇതാണ്. കോടികള്‍ വിലമതിപ്പുള്ള ബോട്ടുകള്‍ തുരുമ്പെടുക്കുമ്പോഴും അറ്റകുറ്റപ്പണി പോലും നടത്താതെ അനാസ്ഥ തുടരുകയാണ് സംസ്ഥാന ജലഗതാഗത വകുപ്പ്.

2019 ജനുവരി 6ന് ജലഗതാഗതവകുപ്പ് ആര്‍ഭാടപൂര്‍വം ആരംഭിച്ചതാണ് രാവിലെ വൈക്കത്ത് നിന്ന് എറണാകുളത്തേക്കും വൈകിട്ട് തിരിച്ചുമുള്ള ബോട്ട് സര്‍വീസ്. ഒന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് എറണാകുളം ജെട്ടിയിലെത്തുന്ന ബോട്ടില്‍ നാല്‍പത് എസി സീറ്റുകളും നാല്‍പത് നോണ്‍ എസി സീറ്റുകളും. എണ്‍പത് സീറ്റുകളുള്ള ഈ സോളാര്‍ ബോട്ടിനായി ചെലവിട്ടത് ഒരു കോടി 98 ലക്ഷം രൂപ. കൃത്യം ഒരു വര്‍ഷം കഷ്ടിച്ച് കിതച്ചോടിയ ബോട്ട് ഇപ്പോള്‍ എറണാകുളം ജെട്ടിയില്‍ വിശ്രമത്തിലാണ്. അറ്റകുറ്റപ്പണി നടത്തി ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന ആവര്‍ത്തിക്കുന്നുണ്ടെങ്കിലും നടപടിയില്ല. ഒന്‍പത് കോടിയോളം ചെലവഴിച്ച് വാങ്ങിയ അഞ്ച് ലക്ഷ്യ ബോട്ടുകളും ഇതേ അവസ്ഥയില്‍ തന്നെ. ഇതിനെല്ലാം പുറമേയാണ് പണ്ട് മുതല്‍ ജെട്ടിയില്‍ വിശ്രമിക്കുന്ന അറ്റകുറ്റപ്പണിക്കെത്തിച്ച മറ്റ് ബോട്ടുകളും. ഇവയില്‍ പലതും തുരുമ്പെടുത്തു തുടങ്ങി. എറണാകുളത്ത് നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കും, വൈപ്പിനിലേക്കും ഇപ്പോള്‍ ഉള്ളത് നാമമാത്ര സര്‍വീസുകളും. അപകടകരമായ രീതിയില്‍ പതിന്മടങ്ങ് യാത്രക്കാരെ കുത്തിനിറച്ചാണ് ഇവയുടെ കപ്പല്‍ചാലിലൂടെയുള്ള സഞ്ചാരവും.

നാല് സര്‍വീസുകള്‍ മാത്രമാണ് ഫോര്‍ട്ട് കൊച്ചിയിലേക്കും വൈപ്പിനിലേക്കുമായുള്ളത്. മട്ടാഞ്ചേരി ജെട്ടി എന്നേക്കുമായി അടച്ചുംപൂട്ടി. വാട്ടര്‍ മെട്രോ ആരംഭിക്കുന്നതിന്റെ ഭാഗമായി ജലഗതാഗതവകുപ്പിന്റെ സേവനം ജില്ലയില്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന ആരോപണവും ശക്തം. ആരോപണങ്ങള്‍ ഒരു വഴിക്ക് നീങ്ങുമ്പോള്‍ കോടികള്‍ ഇങ്ങിനെ കായലില്‍ നശിക്കുന്നതില്‍ ഉത്തരവാദിത്തം ആര്‍ക്കും ഇല്ലേയെന്ന ചോദ്യം മാത്രം ബാക്കി.