ലോട്ടറി വില കൂട്ടണം; അല്ലെങ്കിൽ സമ്മാനത്തുക കുറയ്ക്കണം; തീരുമാനം ഉടൻ

ലോട്ടറി വില കൂട്ടുമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്. അല്ലാത്തപക്ഷം സമ്മാനത്തുക കുറയ്ക്കേണ്ടിവരും. ഒരു കുട്ടി കൂടിയതിന്റെ പേരില്‍ പോലും സ്കൂളുകളില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നത് അവസാനിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റിനു മുന്നോടിയായി സാമ്പത്തികവിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു.

ജി.എസ്.ടി ഏകീകരിച്ചതുമൂലം സംസ്ഥാനഭാഗ്യക്കുറിക്കുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനാണ് വില കൂട്ടുന്നത്. നിലവില്‍ 30 രൂപയുള്ള ലോട്ടറികളുടെ വില 40 ആക്കാനാണ് ആലോചന. 50 രൂപയുള്ള കാരുണ്യ ലോട്ടറിയുടെ വില മാറില്ല. യൂണിയനുകളുമായി കൂടിയാലോചിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകും.

തസ്തികകള്‍ സൃഷ്ടിക്കുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് മൂക്കുകയറിടാന്‍ കെ.ഇ.ആറില്‍ മാറ്റം അനാവശ്യമായി വരുത്തും. 30 വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന്‍ എന്നതാണ് നിലവിലെ രീതി. ഒരു കുട്ടി കൂടിയാല്‍ പോലും പുതുതായി തസ്തിക സൃഷ്ടിക്കുന്ന പതിവ് ഇനി അനുവദിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. 2008ന് മുമ്പ് നികത്തിയ ഭൂമി ക്രമപ്പെടുത്തുന്നതിനുള്ള ഫീസ് ഉയര്‍ത്തുന്ന കാര്യവും പരിഗണനയിലുണ്ട്.

ഡാമുകളിലെ മണല്‍ വാരല്‍ ശാസ്ത്രീയമായി ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചനയ്ക്ക് ധനവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും തോമസ് ഐസക് പറഞ്ഞു.