കെഎസ്ആർടിസി ബസുകളിൽ ക്യാമറ; വരുമാനം കൂട്ടാൻ പുത്തൻ ആശയം

സര്‍ക്കാര്‍ കയ്യൊഴിഞ്ഞ കെ.എസ്.ആര്‍.ടി.സിക്ക് വരുമാനം കൂട്ടാന്‍ ആശയവുമായി ഗതാഗതസെക്രട്ടറി. ബസുകളില്‍ ക്യാമറകള്‍ ഘടിപ്പിച്ച് നിരത്തുകളിലെ ഗതാഗതനിയമലംഘനം കണ്ടെത്താനും അതുവഴി കിട്ടുന്ന പിഴത്തുകയുെട പകുതി ഈടാക്കാനുമാണ് കെ.ആര്‍.ജ്യോതിലാലിന്റെനിര്‍ദേശം. 

ബസുകളുടെ മുന്നിലും പിന്നിലും ക്യാമറകള്‍ ഘടിപ്പിക്കുക. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വരെ റെക്കോര്‍ഡ് ചെയ്യാവുന്നവയായിരിക്കണം. ഇതിനായി  കെല്‍ട്രോണ്‍പോലുള്ള സ്ഥാപനങ്ങളെ സമീപിക്കാം.  ക്യാമറയിലൂടെ ഹെല്‍മറ്റ് വയ്ക്കാത്തവര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍,ട്രാഫിക് ലൈന്‍പാലിക്കാത്തവര്‍, അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ എന്നിവരെ കണ്ടെത്താം. ഒാരോ ജില്ലയിലും കണ്ടെത്തുന്ന നിയലംഘനങ്ങള്‍ അതാത് ജില്ലയിലെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക.അവര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് പിഴ ഈടാക്കും. ഇതിന്റ പകുതി കെ.എസ്.ആര്‍.ടി.സിക്ക് ലഭ്യമാക്കാം.. 

ഒരു ബസിന് ദിവസം അന്‍പത് നിയമലംഘനങ്ങളെങ്കിലും കണ്ടെത്താനാകും.അതുവഴി കുറഞ്ഞത് പതിനായിരം രൂപ ബസൊന്നിന് ലഭിക്കുമെന്നാണ് ഗതാഗതസെക്രട്ടറിയുടെ കണക്കുകൂട്ടല്‍. ഈ പണം ശമ്പളത്തിനായി വിനിയോഗിക്കാം. കെ.എസ്.ആര്‍.ടി.സി എം.ഡിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനാണ് ഗതാഗതമന്ത്രിയുടെ നിര്‍ദേശം. നിരത്തുകളില്‍ വച്ചിരിക്കുന്ന ക്യാമറകളില്‍ രേഖപ്പെടുത്തുന്ന നിയമലംഘനങ്ങളില്‍ പോലും മാസങ്ങള്‍ കഴിഞ്ഞാണ് പലരും പിഴയൊടുക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഗുണം ചെയ്യുമോയെന്ന സംശയവും ഉയരുന്നുണ്ട്