ഫാസ്ടാഗ് ഭാഗികമായി നടപ്പാക്കി; കുമ്പളത്ത് ഫാസ്ടാഗ് ലൈനില്‍ പ്രവേശിച്ചതിന് ഇരട്ടിത്തുക

കേരളത്തിലെ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് ഭാഗികമായി നടപ്പാക്കി തുടങ്ങി. കൊച്ചി കുമ്പളത്ത് ഫാസ്ടാഗ് ലൈനില്‍ പ്രവേശിച്ച വാഹനങ്ങളില്‍ നിന്ന് ഇരട്ടിത്തുക ഈടാക്കി. അതേസമയം, പാലിയേക്കരയില്‍ ഇരട്ടിത്തുക ഈടാക്കിയില്ല

ഒറ്റയടിക്കു ഫാസ്റ്റാഗ് നടപ്പാക്കിയില്ല. പകരം, ഘട്ടംഘട്ടമായി ഫാസ്റ്റാഗ് ലൈനുകളുടെ എണ്ണം കൂട്ടും. കൊച്ചി കുന്പളത്ത് അതിരാവിലെ തൊട്ടേ ഫാസ്റ്റാഗ് ലൈനുകളുടെ എണ്ണം നാലാക്കി. മൊത്തം, എട്ടു ട്രാക്കുകളാണ് രണ്ടുദിശകളിലേക്കും ഇവിടെ. പാതി ട്രാക്കുകള്‍ ഫാസ്റ്റാഗും പാതി കാഷ്ട്രാക്കും. വൈറ്റിലയും കുണ്ടന്നൂരും ഗതാഗത കുരുക്ക് കഴിഞ്ഞ് വീണ്ടുംകുന്പളത്ത് വരി കിടക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. പ്രതിദിനം നാല്‍പതിനായിരം വാഹനങ്ങള്‍ കടന്നുപോകുന്ന പാലിയേക്കര ടോള്‍പ്ലാസയില്‍ ഏകപക്ഷീയമായി ഫാസ്റ്റാഗ് ടോള്‍ പിരിവ് നടപ്പാക്കിയില്ല. അല്‍പം സംയമനം പാലിച്ച് പതുക്കെ പതുക്കെ ഫാസ്റ്റാഗ് ലൈനിലേക്ക് മാറാമെന്നതാണ് ദേശീയപാത അധികൃതരുടേയും ടോള്‍ കന്പനിയുടേയും നിലപാട്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഇല്ലാതെ ഫാസ്റ്റാഗ് നടപ്പാക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പാലിയേക്കരയില്‍ വണ്ടികളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടില്ല. ഗതാഗത കുരുക്ക് രൂക്ഷമായാല്‍ വണ്ടികള്‍ വേഗം കടത്തിവിടാന്‍ ജീവനക്കാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പന്ത്രണ്ടു ട്രാക്കുകളില്‍ ആദ്യ ദിനം നാലു ട്രാക്കുകള്‍ ഫാസ്റ്റാഗ് ആക്കി മാറ്റി. ജനുവരി പതിനഞ്ചിനകം കൂടുതല്‍ വാഹനങ്ങള്‍ ഫാസ്റ്റാഗിലേക്ക് മാറുമെന്ന പ്രതീക്ഷയിലാണ് ദേശീയപാത അധികൃതര്‍. വരുംദിവസങ്ങളില്‍ ഫാസ്റ്റാഗ് ലൈനുകളുടെ എണ്ണം കൂട്ടി പരീക്ഷിക്കാനും ടോള്‍ കന്പനി തീരുമാനിച്ചിട്ടുണ്ട്.