പുകയില്ല, ശബ്ദമില്ല, കുലുക്കവും കുറവ്; ഇവനാണ് നിരത്തിലെ താരം

കണ്ണൂര്‍ ജില്ലയിലെ നിരത്തുകളിലും താരമായി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍. പയ്യന്നൂരിലും കൂത്തുപറമ്പിലുമാണ് ഇ–ഓട്ടോകള്‍ എത്തിയത്. ഇന്ധനവിലവർധനവിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയെത്തിയ ഇലക്ട്രോണിക് ഓട്ടോറിക്ഷകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

പയ്യന്നൂര്‍ കാങ്കോലിലെ ഓട്ടോറിക്ഷ തൊഴിലാളിയായ കെ.ടി.കുഞ്ഞികൃഷ്ണനാണ് ഇലക്ട്രോണിക് ഓട്ടോറിക്ഷയുമായി  യാത്രക്കാരെ സ്വീകരിക്കുന്നത്. കാങ്കോൽ ടൗണിലെ താരമാണ് ഇപ്പോള്‍ ഈ വാഹനം. ദിവസം തോറും വര്‍ധിക്കുന്ന ഇന്ധനവില വർദ്ധനവിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രോണിക് ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങിയത്. നീലയും വെള്ളയും നിറത്തിലുള്ള ഈ ഓട്ടോറിക്ഷയ്ക്ക് പുകയും, ശബ്ദവുമില്ല എന്നതാണ് പ്രധാന സവിശേഷത. പരമാവധി വേഗത എണ്‍പത് കിലോമീറ്റര്‍ വരെയാണ്. മൂന്ന് മണിക്കൂർ ചാർജ് ചെയ്താൽ 130 കിലോമീറ്റര്‍ സഞ്ചരിക്കാം.

പൂര്‍ണമായും ഓട്ടോമാറ്റിക് വാഹനമാണ്. വേഗത നിയണത്തിന് പ്രത്യേക സ്വിച്ചുകളുണ്ട്. സാധാരണ ഓട്ടോറിക്ഷകളെ അപേക്ഷിച്ച് ഈ വാഹനത്തിന് കുലുക്കവും കുറവാണ്. കൂത്തുപറമ്പിന് പുറമെ കാലിക്കടവിലും ഇലക്ട്രോണിക് ഓട്ടോറിക്ഷ എത്തിയിട്ടുണ്ട്. വരും നാളുകളില്‍ നിരത്തിലെ താരമായിരിക്കും ഇലക്ട്രോണിക് ഓട്ടോറിക്ഷകള്‍ എന്നാണ് വാഹന ലോകത്തിന്റെ വിലയിരുത്തല്‍.