95 വര്‍ഷം പഴക്കം; സർക്കാർ തിരിഞ്ഞുനോക്കാതെ കോട്ടായി ഗവണ്‍മെന്റ് എല്‍പി സ്കൂൾ

സര്‍ക്കാര്‍ സ്കൂളുകളുടെ സംരക്ഷണത്തിന് നിരവധി പദ്ധതികളുണ്ടെങ്കിലും പാലക്കാട് കോട്ടായി ഗവണ്‍മെന്റ് എല്‍പി സ്കൂളിനെ പഞ്ചായത്തോ വിദ്യാഭ്യാസവകുപ്പോ തിരിഞ്ഞുനോക്കുന്നില്ല. ‌സ്കൂള്‍ വാടക െകട്ടിടത്തിലാണെന്നായിരുന്നു അധികാരികളുടെ വാദം. വിഷയത്തില്‍ രമ്യ ഹരിദാസ് എംപി ഇടപെട്ടതോടെ സ്കൂള്‍ സംരക്ഷണത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. 

സ്കൂളിന് സ്വന്തമായി ഭൂമിയില്ലെന്നും വാടക െകട്ടിടത്തിലാണെന്നും കോട്ടായി ഗ്രാമപഞ്ചായത്തും ചില ഉദ്യോഗസ്ഥരും പറഞ്ഞു പറ്റിച്ചെന്നാണ് നാട്ടുകാരുടെ പരാതി. ഇക്കാരണത്താല്‍ ജനപ്രതിനിധികള്‍ തിരിഞ്ഞുനോക്കുകയോ സര്‍ക്കാര്‍ ഫണ്ടുകള്‍പോലും ഇവിടേക്ക് അനുവദിക്കടുകയോ ചെയ്തില്ല. അടുത്തിടെ സ്കൂളിലെ നല്ലവരായ അധ്യാപകരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് വില്ലേജ് ഒാഫീസില്‍ നിന്ന് രേഖകള്‍ കണ്ടെടുത്തു. സ്കൂളിന്റെ പേരില്‍ തന്നെയാണ് ഭൂമിയുളളത്.

95 വര്‍ഷം പഴക്കമുളള സ്കൂളിലിപ്പോള്‍ 35 കുട്ടികളുണ്ട്. അപകടാവസ്ഥയിലായ കെട്ടിടം നവീകരിക്കണം. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ രമ്യ ഹരിദാസ് എംപി സ്കൂളിലെത്തി സ്ഥിതി വിലയിരുത്തി. 

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുമ്പോള്‍ പാവപ്പെട്ടവരുടെ മക്കള്‍ പഠിക്കുന്ന സ്കൂളിനെ ആരൊക്കെയോ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ സ്കൂളിന്റെ പേരില്‍ ഭൂമിയില്ലെന്ന് വരുത്താന്‍ ശ്രമിക്കുന്നതായാണ് നാട്ടുകാര്‍ സംശയിക്കുന്നത്.