വീട്ടിലേക്കുള്ള വഴിയിൽ കൊടി നാട്ടിയത് എതിർത്തു; വീട്ടമ്മയ്ക്ക് സിപിഎമ്മുകാരുടെ മർദ്ദനം

വീട്ടിലേക്കുളള വഴിയില്‍ പാര്‍ട്ടികൊടി നാട്ടിയതിനെ എതിര്‍ത്തതിന് വീട്ടമ്മയേയും മകനെയും ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ബിംബുങ്കാലിലെ ജനാര്‍ദ്ദനന്റെ വീട്ടിലേക്കുളള വഴിയരികിലാണ്  സിപിഎം പ്രവര്‍ത്തകര്‍ കൊടിനാട്ടിയത്. 

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കാസര്‍കോട് ബിംബുങ്കാലില്‍ നിന്നും ബന്തടുക്കയിലേക്ക് പോകുന്ന പ്രധാന റോഡിനോട് ചേര്‍ന്നാണ്  ജനാര്‍ദ്ദനന്റെ വീട് സ്ഥിതിചെയ്യുന്നത്.  റോഡിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം സമീപകാലത്ത് ജനാര്‍ദ്ദനന്റെ കുടുംബം വാങ്ങിയിരുന്നു. ഇൗ സ്ഥലത്ത് അന്യായമായി സിപിഎം കൊടിനാട്ടുകയായിരുന്നുവെന്നാണ്  കുടുംബത്തിന്റെ ആരോപണം.  എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും സിപിഎം കൊടിമരം മാറ്റിയില്ലെന്നും വീട്ടുകാര്‍ പറയുന്നു.  എന്നാല്‍ വീട്ടുകാര്‍ നേരിട്ട് കൊടിമരം മാറ്റാന്‍ ശ്രമിച്ചപ്പോള്‍ വീടിന് എതില്‍ വശത്തുളള സിപിഎം ബിംബുങ്കാല്‍ ഏരിയ കമ്മിറ്റി ഒാഫീസില്‍ നിന്നും  പ്രവര്‍ത്തകര്‍ ഒാടിയെത്തി ജനാര്‍ദ്ദനന്റെ ഭാര്യ ചിത്രവതിയേയും മകനെയും ആക്രമിക്കുകയായിരുവെന്നാണ് പരാതി.  സംഭവത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ ബേഡകം പൊലീസ് കേസെടുത്തു.  

എന്നാല്‍  വീടിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന അങ്കണവാടിയിലേക്കുളള വഴി ജനാര്‍ദ്ദനന്റെ കുടുബം കൈയ്യേറിയെന്നും ഇത് പാര്‍ട്ടി ചോദ്യം ചെയ്തിരുവെന്നും സിപിഎം ബിബുംങ്കാല്‍ ഏരിയ കമ്മിറ്റി അംഗം കുഞ്ഞിരാമന്‍ പറഞ്ഞു. വീടിന്റെ വഴിയോട് ചേര്‍ന്ന് നില്‍ക്കുന്ന സിപിഎം പ്രവര്‍ത്തകന്റെ കട നില്‍ക്കുന്ന സ്ഥലം കൂടി കൈയ്യേറാന്‍ ശ്രമിച്ചപ്പോഴാണ് കൊടിനാട്ടിയതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. വീട്ടമ്മയേയും മകനെയും  പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വീട്ടുകാരുമായി ഒത്തുത്തീര്‍പ്പിനുളള തയ്യാറെടുപ്പിലാണ് പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം. എന്നാല്‍ പ്രവര്‍ത്തകരില്‍ നിന്നും ഇപ്പോഴും ഭീഷണിയുണ്ടെങ്കിലും കേസുമായി മുന്നോട്ട് പോകാനാണ് വീട്ടുകാരുടെ  തീരുമാനം.