വിഷ്ണുവിന് ലോകം മടക്കി നൽകിയവർ; യുവാക്കളെ ആദരിച്ച് പൊലീസ്; നൻമച്ചിരി

വിഷ്ണുവിന് സന്തോഷത്തിന്റെ ലോകം മടക്കി നൽകിയ ആ ചെറുപ്പക്കാരെ ചേർത്ത് നിർത്തി പൊലീസ്. ജർമൻ കപ്പലിൽ ജോലി ശരിയായ വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട പാസ്പോർട്ടും പാൻ കാർഡും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും അടങ്ങിയ ഫയൽ തിരികെയേൽപ്പിച്ച തളിക്കുളം അയിനിച്ചുവട് തോപ്പിൽ ഷാഹിദ്, പത്താംകല്ല് കറുപ്പം വീട്ടിൽ ഇമ്രാൻ എന്നിവരെയാണ് റയിൽവേ പൊലീസ് ഉപഹാരം നൽകി അനുമോദിച്ചത്. എസ്ഐ എ.അജിത് കുമാർ ഇരുവർക്കും ഉപഹാരം കൈമാറി. 

തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, 10, 12 ക്ലാസുകളിലെ മാർക് ലിസ്റ്റ്, ടിസി എന്നിവയാണ് ഇനി വിഷ്ണുപ്രസാദിനു തിരികെ ലഭിക്കാനുള്ളത്. ഗൂഡല്ലൂരിൽ താമസമാക്കിയ വിഷ്ണുപ്രസാദിന് ഇവ വലിയ ബുദ്ധിമുട്ടില്ലാതെ ശരിയാക്കാനാവുമെന്ന വിശ്വാസമുണ്ട്. പാസ്പോർട്ടും വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്നതിനു കപ്പൽ ജീവനക്കാർ നേടുന്ന അനുമതിപത്രവും തിരിച്ചു കിട്ടിയതിൽപ്പെടുന്നു. ജർമനിയിലെ ജോലിയിൽ നിയമനം നേടുന്നതിന് ഏറെ പ്രാധാന്യമുള്ളവയാണിവ.

10ന് രാവിലെ 10ന് ആണ് റയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ നിന്ന് വിഷ്ണുപ്രസാദിന്റെ രേഖകൾ‌ അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത്. അന്നു മുതൽ വിഷ്ണുപ്രസാദ് ബാഗിനു വേണ്ടി നടത്തുന്ന അന്വേഷണം മനോരമ ന്യൂസാണ് മലയാളിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് ഇൗ വാർത്ത സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. ഇതിനിടയിലാണ് ഷാഹിദും ഇമ്രാനും വൈകിട്ട് സ്വരാജ് റൗണ്ടിലൂടെ നടക്കുമ്പോൾ കാണപ്പെട്ട ഫയൽ സംശയം തോന്നി എടുത്തു പരിശോധിച്ചത്. അതിൽ വിഷ്ണു തേടുന്ന നിധിയാണെന്ന് തിരിച്ചറിഞ്ഞ യുവാക്കൾ ഫയൽ അധികൃതരെ ഏൽപ്പിക്കുകയായിരുന്നു.

തൃശൂരിൽ സ്വാദ് ഹോട്ടലിൽ താൽക്കാലികമായി ജോലിക്കു കയറിയ വിഷ്ണുപ്രസാദിന് അത്യാവശ്യമായി ഗൂഡല്ലൂരിൽ വീട്ടിലേക്കു പോകേണ്ടതുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും നേർന്ന കുറെ വഴിപാടുകൾ പൂർത്തിയാക്കുകയാണ് ആദ്യ പരിപാടി. ജർമനിയിലേക്കു പോകും വരെ തൃശൂരിൽ തന്നെ ജോലി തുടരാനാണ് തീരുമാനം. പട്ടാമ്പിയിലാണു വിഷ്ണുപ്രസാദിന്റെ അച്ഛന്റെ തറവാട്.