സൊളാനസിന് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം; ചെലവ് ചുരുക്കി മേള

അര്‍ജന്‍റീനിയന്‍ സംവിധായകന്‍ സൊളാനസിന് ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം. കഴിഞ്ഞ തവണത്തേതുപോലെ ചെലവ് ചുരുക്കിയാകും മേള സംഘടിപ്പിക്കുകയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ഡിസംബര്‍ ആറു മുതല്‍ പതിമൂന്ന് വരെ തിരുവനന്തപുരത്തെ പതിനാല് തിയേറ്ററുകളിലായാണ് പ്രദര്‍ശനം.

'മൂന്നാംലോക സിനിമ' എന്ന വിപ്ലവകരമായ ചലച്ചിത്രപ്രസ്ഥാനത്തിന്റെ പ്രധാന ശില്‍പ്പിയായ അര്‍ജന്‍റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിക്കുന്നത്. സൊളാനസിന്‍െറ അഞ്ച് ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ പരീക്ഷണ സിനിമകള്‍, യുഗോസ്ലാവിയന്‍ സിനിമകള്‍, മൃണാള്‍സെന്‍, ഗിരീഷ് കര്‍ണാട്, ലെനിന്‍ രാജേന്ദ്രന്‍, എം.ജെ.രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം എന്നിവയും മേളയിലെ മറ്റ് ആകര്‍ഷണങ്ങളാണ്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതുകൊണ്ടുതന്നെ മേളയില്‍ ആര്‍ഭാഡം ഒഴിവാക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി.

മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന മേളയില്‍ മലയാള സിനിമകളില്‍ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദയാണ് മുഖ്യാതിഥി. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും.