ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് രക്ഷകരായി നാവികസേന ഉദ്യോഗസ്ഥർ, കയ്യടി; വിഡിയോ

കൊച്ചി തോപ്പുംപടിയിൽ ആത്മഹത്യക്കൊരുങ്ങിയ യുവാവിന് രക്ഷകരായി നാവികസേനാ ഉദ്യോഗസ്ഥർ. തോപ്പുംപടി പാലത്തിൽ നിന്ന് കായലിൽ ചാടിയയാളെ ആണ് അതീവ സാഹസികമായി യുവനാവികർ രക്ഷിച്ചത്. 

തോപ്പുംപടി പാലത്തില്‍ ഉച്ചയോടെ ആൾക്കൂട്ടം കണ്ടാണ് ആവഴിവന്ന ലീഡിങ് എയര്‍ക്രാഫ്റ്റ്മാൻ റിങ്കു  കാര്യം തിരക്കിയത്. പിന്നെ മറ്റൊന്നും ആലോചിക്കാതെ കായലിലേക്ക് എടുത്തു ചാടുകയായിരുന്നു 

ആഴവും ഒഴുക്കുമുള്ള വെള്ളത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങുകയായിരുന്ന യുവാവിനെ എടുത്തുയര്‍ത്തി. തൊട്ടടുത്ത് ഉണ്ടായിരുന്ന രണ്ട് വള്ളങ്ങളെയും സഹായത്തിനായി വിളിച്ചു. ഈസമയം സ്ഥലത്തെത്തിയ നാവികൻ പ്രജാപതിയും കായലിലേക്ക് ചാടി രക്ഷാപ്രവർത്തനത്തിൽ റിങ്കുവിനൊപ്പം ചേർന്നു. വെള്ളത്തില്‍നിന്ന് വള്ളത്തിലേക്ക് കയറ്റിയതിനുശേഷം പ്രഥമ ശുശ്രൂഷയും നല്‍കി. 

കരയ്ക്കടുപ്പിച്ച വള്ളത്തില്‍ നിന്ന് യുവാവിനെയും തോളില്‍ചുമന്ന് റിങ്കു നടന്നു ആംബുലന്‍സ് വരെ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്‍റെ ആരോഗ്യനില തൃപ്‌തികരമാണ്. നാവികനായ തന്‍റെ ഉത്തരവാദിത്തം നിര്‍വഹിക്കുകമാത്രമെചെയ്തുള്ളു എന്ന് പറയുന്നു റിങ്കു അഞ്ച് വര്‍ഷം മുന്‍പ് കൊച്ചി വെണ്ടുരുത്തി പാലത്തിൽനിന്ന് ചാടിയ യുവതിയെ രക്ഷിച്ചശേഷം കാണാതായ, നാവിക ഉദ്യോഗസ്ഥന്‍ വിഷ്‌ണു ഉണ്ണിയുടെ അനുഭവം ഓർക്കുന്നവർ നെഞ്ചിടിപ്പോടെയാകും ഈ ദൃശ്യങ്ങൾ കാണുക.