'നേരെ നിൽക്കാൻ പോലുമാകാത്ത വിധം ഡ്രൈവർ മദ്യലഹരിയിൽ'; ദമ്പതികളുടെ ജീവനെടുത്ത് അപകടം

അടൂർ ശ്രീമൂലം ചന്തയ്ക്കു സമീപത്തുള്ള വൺവേ റോഡിൽ സ്വകാര്യ ബസ് ഇടിച്ച് ദമ്പതികൾ മരിക്കാൻ ഇടയാക്കിയത് ഡ്രൈവർ മദ്യലഹരിയിൽ ബസ് ഓടിച്ചതു കൊണ്ടാണെന്ന് പൊലീസ്. ചന്തയ്ക്കു സമീപത്തുള്ള വൺവേ റോഡിലെ വളവിന് എത്തിയപ്പോൾ നിയന്ത്രണം വിട്ടാണ് റോഡിന്റെ വലതു വശത്തു കൂടി പോയ ശ്യാമിനെയും ഭാര്യ ശിൽപയെയും ഇടിച്ചത്. കസ്റ്റഡിയിൽ എടുത്തപ്പോൾ തന്നെ ഡ്രൈവർ നേരെ നിൽക്കാൻ കഴിയാത്ത വിധം മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇയാളുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. മദ്യത്തിനൊപ്പം മറ്റു ലഹരിയുടെ ഉപയോഗം കൂടി ഉണ്ടോയെന്നു കൂടി പരിശോധനയിൽ അറിയാമെന്നും ഡിവൈഎസ്പി ജവഹർ ജനാർദ് പറഞ്ഞു. മദ്യപിച്ച് ബസോടിച്ചതിന് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം റിമാൻഡ് ചെയ്യും. മണ്ണടി–അടൂർ–മാവേലിക്കര റൂട്ടിൽ താൽക്കാലികമായി ഓടുന്ന മോണിങ് സ്റ്റാർ ബസാണ് അപകടമുണ്ടാക്കിയത്. ബസിന്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദു ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിക്കുമെന്നാണ് സൂചന.

അപകട സ്ഥലത്തും ദമ്പതികളെ എത്തിച്ച ജനറൽ ആശുപത്രിയിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. മരിച്ച ദമ്പതികളുടെ കൈവശം വിലാസം ഉണ്ടായിരുന്നതാണ് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്. ശിൽപയുടെ വിലാസമാണ് ലഭിച്ചത്. അപ്പോൾ തന്നെ പൊലീസ് സ്ഥലത്തെ പഞ്ചായത്ത് അംഗത്തെയും ബന്ധുക്കളെയും അറിയിക്കുകയും ചെയ്തു. മൃതദേഹങ്ങൾ ഇന്നലെ തന്നെ പോസ്റ്റുമോർട്ടം ചെയ്യുന്നതിനുള്ള നടപടിയും സ്വീകരിച്ചിരുന്നു.