തിരഞ്ഞെടുപ്പ് ചൂട്; പ്രചാരണരംഗത്ത് സജീവമായി സ്ഥാനാർഥികളുടെ ഭാര്യമാർ

ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ ഭാര്യമാരും വോട്ടിനായുള്ള ഒാട്ടത്തില്‍. സ്ത്രീവോട്ടര്‍മാര്‍ അധികമായുള്ള മണ്ഡലത്തിന്റെ പള്‍സ് അറിഞ്ഞ് തന്നെയാണ് മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടേയും ഭാര്യമാരുടെ പ്രചാരണം 

ഡിസിസി പ്രസിഡന്റായും  നഗരസഭ ഡെപ്യൂട്ടി മേയറായും പൊതുരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഭര്‍ത്താവ് . പക്ഷേ രാഷ്ട്രീയതിരക്കിലൊന്നും ഇടപെടാതെ ഒതുങ്ങിനിന്ന ഭാര്യ. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ യുഡിഎഫ് സ്ഥാനാര്‍ഥി ടിജെ വിനോദിന്റെ ഭാര്യ ഷിമിത അതായിരുന്നു. ഭര്‍ത്താവിന്റെ വിജയം ഉറപ്പാക്കേണ്ടത് തന്റെ ബാധ്യതയായി ഏറ്റെടുത്ത് ഇരുത്തംവന്നൊരു പൊതുപ്രവര്‍ത്തകയായി മാറിക്കഴിഞ്ഞു ഇപ്പോള്‍ ഷമിത. 

പള്ളുരുത്തി എസ്ഡിപിവൈ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ  വിദ്യാര്‍ഥികളുടെ  പ്രിയപ്പെട്ട അധ്യാപിക ദീപ ഇത്തരമൊരു റോള്‍ പ്രതീക്ഷിച്ചതല്ല. മനു റോയി എറണാകുളത്തെ ഇടതു സ്ഥാനാര്‍ഥിയായതോടെ ദീപിയിലെ പൊതുപ്രവര്‍ത്തകയും അരങ്ങിലെത്തി. ദീപയുടെ വോട്ടഭ്യര്‍ഥനയ്ക്കുമുണ്ട്  ഒരു ടീച്ചര്‍ ടച്ച് 

എന്‍ഡിഎ സ്ഥാനാര്‍ഥി സി.ജി. രാജഗോപാല്‍ കൊച്ചിക്കാരുെട മുത്തുവാണ്.   മുത്തുവിന്റെ വിജയത്തിന് ഭാര്യ  സവിത ആര്‍ ഷേണായിയും സജീവമാണ് . ടോക്ക് എച്ച് സ്കൂള്‍ അധ്യാപികയായ സവിതയ്ക്കൊപ്പം സ്ഥാനാര്‍ഥിയുടെ സഹോദരിമാരും ഒപ്പമുണ്ട് 

സ്ഥാനാര്‍ഥികളുടെ ഭാര്യമാര്‍ കൂടി പ്രചാരണരംഗത്തിറങ്ങിയതോടെ പ്രമുഖ മുന്നണികളുടെ വനിതാസ്ക്വാഡുകളുടെ പ്രവര്‍ത്തനവും എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഫുള്‍ സ്വിങ്ങിലാണ്.