പ്രശാന്തിനായി മന്ത്രിപ്പട; നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് പ്രചാരണം

പാലായിലെ തന്ത്രം വട്ടിയൂര്‍ക്കാവില്‍ ആവര്‍ത്തിച്ച് വി.കെ.പ്രശാന്തിനായി മന്ത്രിപ്പട. ഇന്നലെ എട്ടു മന്ത്രിമാരാണ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ മുക്കും മൂലയും കയറിയിറങ്ങിയത്. ശബരിമല മുതല്‍ ഭരണനേട്ടങ്ങള്‍ വരെ വിശദീകരിക്കുകയാണ് വീടുവീടാന്തരമെത്തുന്ന മന്ത്രിമാര്‍. 

സിപിഎം അഭിമാനപ്പോരാട്ടം നടത്തുന്ന വട്ടിയൂര്‍ക്കാവിലെ ഓരോവീട്ടിലും ഒരു മന്ത്രിയെങ്കിലും ഇതിനകം എത്തിക്കഴിഞ്ഞു. എ.കെ.ബാലന്‍, തോമസ് ഐസക്, ടി.പി.രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, എം.എം.മണി, ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, പി.തിലോത്തമന്‍ എന്നിവര്‍ ഇന്നലെ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വീടുകള്‍ കയറിയിറങ്ങി. കുടുംബയോഗങ്ങളിലും മന്ത്രിമാര്‍ പങ്കെടുത്തു. ഭരണനേട്ടം വിശദീകരിച്ച് വോട്ടുതേടുകയാണ് പൊതു സമീപനം. കുടുംബയോഗങ്ങളില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കുന്നു.

എതിര്‍ രാഷ്ട്രീയനിലപാടുള്ളവരുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് കയറി നിലപാടുകള്‍ വിശദമാക്കുന്നുണ്ട്. ആടിനില്‍ക്കുന്ന വോട്ടുകള്‍ അനുകൂലമാക്കുകയാണ് ഉദ്ദേശം. 42 ശതമാനം നായര്‍വോട്ടുള്ള മണ്ഡലത്തില്‍ ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുന്നതിനും പ്രാധാന്യം നല്‍കുന്നു.കലാശക്കൊട്ടിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ മൂന്നിടങ്ങളില്‍ പ്രസംഗിക്കും.