പി.എസ്.വാരിയറുടെ നൂറ്റിയന്‍പതാം ജന്മദിനാഘോഷം; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

ആയുര്‍വേദത്തിന് ലോകഭൂപടത്തില്‍ സ്ഥാനം നേടിക്കൊടുത്ത കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സ്ഥാപകന്‍ വൈദ്യരത്നം പി.എസ്.വാരിയറുടെ നൂറ്റിയന്‍പതാം ജന്മദിനാഘോഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി വന്‍ സുരക്ഷയിലാണ് കോട്ടക്കല്‍ നഗരം. 

ദേശീയപാത ചങ്കുവെട്ടി ജങ്ക്ഷനില്‍ സ്ഥിതിചെയ്യുന്ന ആര്യവൈദ്യശാല ഒ.പി വിഭാഗത്തിലെ എ.വി.എസ് മൈതാനത്താണ് ഉദ്ഘാടന ചടങ്ങുകള്‍. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ ഒരുക്കിയിരിക്കുന്ന കൂറ്റന്‍ പന്തലില്‍ ആയിരത്തിയൊരുന്നൂറുപേര്‍ക്ക് ഒരേസമയം ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. അടുത്തവര്‍ഷം മാര്‍ച്ച് വരെ നീളുന്ന ആഘോഷപരിപാടികള്‍ക്കാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തിരിതെളിയിക്കുക. 

ഉപരാഷ്ട്രപതിക്കുപുറമെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി കെ.ടി.ജലീല്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സുരക്ഷയുറപ്പുവരുത്താന്‍ ആയിരം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.