പിഎസ് വാരിയരുടെ സ്മരണയിൽ രാജ്യം; 150-ാം ജൻമദിനാഘോഷത്തിന് ഉപരാഷ്ട്രപതി എത്തും

കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സ്ഥാപകന്‍ വൈദ്യരത്നം പി.എസ്. വാരിയരുടെ നൂറ്റിഅന്‍പതാം ജന്‍മദിനാഘോഷങ്ങള്‍ ചൊവ്വാഴ്ച ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും. ദേശീയതലത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.

കേരളീയ നവോഥാന നായകരില്‍ ഒരാള്‍ എന്ന നിലയിലാണ് വൈദ്യരത്നം പി.എസ്. വാരിയരെ സ്മരിക്കുന്നത്. പി.എസ്. വാരിയര്‍ സ്ഥാപിച്ച ആര്യവൈദ്യശാലക്കൊപ്പം ആര്യവൈദ്യപാഠശാലയും ചാരിറ്റബിള്‍ ആശുപത്രിയും നാടകകസംഘവുമെല്ലാം കേരളത്തെ നേര്‍വഴിയില്‍ നയിക്കാന്‍ സഹായിച്ചതിന്റെ ഒാര്‍മപുതുക്കല്‍ കൂടിയാണിത്. 

അദ്ദേഹം വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകളെ ഒാര്‍മപ്പെടുത്തുന്നതാണ് ഇന്നു കാണുന്ന പ്രധാനസ്ഥാപനങ്ങളെല്ലാം. ജന്‍മവാര്‍ഷികാഘോഷങ്ങളുടെ തുടക്കം കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അധ്യക്ഷതയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും.

രാജ്യത്തെ പ്രധാന നഗരങ്ങളിലായി ആയുര്‍വേദ സെമിനാറുകളും ക്യാന്‍സര്‍ ബോധവല്‍ക്കരണ പ്രഭാഷണങ്ങളും നാടകങ്ങളുമെല്ലാം സംഘടിപ്പിക്കുന്നുണ്ട്.