'ഒരു വീട്ടില്‍ ഒരു സര്‍ക്കാര്‍ ജോലി'; 'ഇൻസൈറ്റു'മായി പൊലീസ്

പാനൂരില്‍ ജനമൈത്രി പൊലീസ് ആരംഭിച്ച മത്സര പരീക്ഷാ പരിശീലന പദ്ധതിയായ ഇന്‍സൈറ്റ്, കണ്ണൂർ ജില്ല മുഴുവന്‍ വ്യാപിപ്പിക്കും. രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

യുവ ജനങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ പൊതുജന പങ്കാളിത്തത്തോടെയാണ് പാനൂര്‍ ജനമൈത്രി പൊലീസ് ജന്‍സൈറ്റ് പരിശീലന പദ്ധതി തുടങ്ങുന്നത്. ഇതാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃക പദ്ധതിയായി ഉയര്‍ത്തിക്കാട്ടി ജില്ല മുഴുവന്‍ വ്യാപിപ്പിക്കാന്‍ പോകുന്നത്. ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാര്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയും ചെയ്തു. ഇന്‍സൈറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസിന്‍റെ വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു. 

പദ്ധതിക്ക് തുടക്കമിട്ട പാനൂര്‍ സി.ഐ ആയിരുന്ന വി.വി.ബെന്നിയെ ചടങ്ങില്‍ അനുമോദിച്ചു. രാഷ്ട്രീയ അക്രമങ്ങള്‍ നിത്യ സംഭവമായിരുന്ന പാനൂരില്‍ വിപ്ലവകരമായ മാറ്റമാണ്  ഇന്‍സൈറ്റ് പദ്ധതിയിലൂടെ സാധ്യമായത്. ഒരു വീട്ടില്‍ ഒരു സര്‍ക്കാര്‍ ജോലി എന്ന മുദ്രാവാക്യം കക്ഷി രാഷ്ട്രീയ ഭേദമന്യേ യുവാക്കള്‍ ഏറ്റെടുക്കുകയായിരുന്നു.