കൊല്ലത്ത് വിമാനമിറങ്ങും; ആശ്രാമം മൈതാനത്ത് സ്വപ്ന ലാൻഡിങ്; കാത്തിരിപ്പ്

കൊല്ലം നഗരത്തിന്റെ നെറുകയിൽ, ആശ്രാമം മൈതാനത്തു വിമാനം ഇറങ്ങാൻ പോകുന്നു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ വ്യോമമാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ചെറുവിമാനങ്ങളിൽ വിനോദസഞ്ചാരികൾ എത്തുന്നതോടെ  ജില്ലയുടെ ടൂറിസം മേഖല കൂടുതൽ ഉഷാറാകും. മഹീന്ദ്ര എയ്റോ സ്പേസ് കമ്പനിയുടെ 8,10, 12 സീറ്റുകൾ വീതമുള്ള ചെറുവിമാനങ്ങളാണു  (എയർവാനുകൾ) കൊല്ലത്തെത്തുക. ഇതിനായി മൈതാനത്തു പ്രത്യേക എയർ സ്ട്രിപ് ഒരുക്കും. ഇതിനുള്ള സാധ്യതാപഠനം തുടങ്ങി. വിദഗ്ധ സംഘം വൈകാതെ ആശ്രാമം മൈതാനം സന്ദർശിക്കുമെന്നു ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ ‘മനോരമ’ യോടു പറഞ്ഞു.

മഹീന്ദ്ര എയ്റോ സ്പേസ് കമ്പനി ഓസ്ട്രേലിയയിലെ എയർവാൻ നിർമാണ യൂണിറ്റ് വിലയ്ക്കു വാങ്ങി നിർമാണം തുടങ്ങിയിട്ടുണ്ട്. ഒറ്റ എൻജിൻ വിമാനങ്ങൾക്കു ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി നേരത്തെ ഇല്ലായിരുന്നു. ഇപ്പോൾ അംഗീകാരം ലഭിച്ചതോടെയാണു പദ്ധതിക്കു ജീവൻ വച്ചത്. ജില്ലയുടെ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഇത് ഏറെ ഗുണം ചെയ്യും. വേണ്ടത് 1500 മീറ്റർ റൺവേ മാത്രം. വിമാനം ഇറങ്ങാനുള്ള സ്ഥലവും. വിമാനത്താവളങ്ങളുടെ മാതൃകയിൽ വിശാലമായ സ്ഥലവും മറ്റു സൗകര്യങ്ങളും ആവശ്യമില്ല. ആശ്രാമത്ത് റൺവേയ്ക്ക് ആവശ്യമായ സ്ഥലമുണ്ട്. 

വിനോദസഞ്ചാരികൾ

∙ മഹീന്ദ്ര കമ്പനിക്കു സംസ്ഥാനത്ത് 9 ടൂറിസ്റ്റ് റിസോർട്ടുകളുണ്ട്. ഇവിടേക്കു വിനോദസഞ്ചാരികളെ എത്തിക്കാനും എയർവാൻ ഉപയോഗിക്കാം.

∙ സംസ്ഥാന സർക്കാരിനു കീഴിലുള്ള എയർ കേരള വഴി എയർവാനുകൾ ഓപ്പറേറ്റ് ചെയ്യാനാണ് ആദ്യ ശ്രമം. അല്ലെങ്കിൽ മറ്റ് ഓപ്പറേറ്റർമാരെ തേടും. 

എയർസ്ട്രിപ്പുകൾ

∙ സംസ്ഥാനത്ത് ബേക്കൽ, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ എയർസ്ട്രിപ്പുകൾക്കു സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ഗുരുവായൂർ, കൊല്ലം എന്നിവിടങ്ങളിലാണ് അടുത്തത്.

∙ ഇതിനൊപ്പം സംസ്ഥാനത്തു വിവിധ കേന്ദ്രങ്ങളിൽ ഹെലിപ്പാഡുകൾ, വാട്ടർ എയ്റോഡ്രോമുകൾ എന്നിവയ്ക്കും പദ്ധതി. 

രാജ്യത്ത് ഇപ്പോൾ ഹരിയാനയിൽ ഇത്തരം എയർവാനുകൾ പറക്കുന്നുണ്ടെന്നു ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ. സംസ്ഥാന സർക്കാരിന്റെ സബ്സിഡിയുള്ളതിനാൽ 45 മിനിറ്റ് പറക്കാൻ അവിടെ ഒരാൾ 1500 രൂപ മാത്രം നൽകിയാൽ മതി. അതായത്, തിരുവനന്തപുരത്തു നിന്നോ കൊല്ലത്തു നിന്നോ കോഴിക്കോട്ടേക്കു പോകാൻ 1500 മതിയാകും- കേരള സർക്കാർ സബ്സിഡി കൊടുത്താൽ. 

കടപ്പാട്: മലയാള മനോരമ