ബിഷപ്പിന്‍റെ ഇടയലേഖനം; പാലായില്‍ പ്രചാരണ ആയുധമാക്കി ബിജെപി

പാലാ ബിഷപ്പിന്റെ ഇടയലേഖനം ഉപതിരഞ്ഞെടുപ്പിൽ ആയുധമാക്കി ബിജെപി. വിശ്വാസികൾ കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികൾ ഉപയോഗപ്പെടുത്തണമെന്നു ആഹ്വനം ചെയ്യുന്ന ഇടയലേഖനമാണ് ബിജെപി തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നത്.   

പാലായിൽ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടു നിൽക്കെ കഴിഞ്ഞ ഞായറാഴ്ചയാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ഇടയലേഖനം രൂപതയിലെ കാതോലിക്കാ പള്ളികളിൽ വായിച്ചത്. കർഷക സംരംഭങ്ങളെ കുറിച്ച് വിശദീകരിക്കുന്ന സർക്കുലറിൽ കേന്ദ്ര സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളെ കുറിച്ചും പ്രതിപാദിക്കുന്നു . പ്രധാന മന്ത്രി സുരക്ഷ ഭീമ യോജന, അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമയോജന തുടങ്ങിയ പദ്ധതികൾ വിശ്വാസികൾ ഉപയോഗപ്പെടുത്തണം എന്നാണ് ഇടയലേഖനത്തിൽ പറയുന്നത്. ഈ ഇടയലേഖനം മോദി സർക്കാരിനുള്ള ബിഷപ്പിന്റെ ഗുഡ് സർട്ടിഫിക്കറ്റ് ആണെന്നാണ് ബിജെപിയുടെ അവകാശവാദം. കത്തോലിക്കാ സഭയുടെ രാഷ്ട്രീയ നിലപാടുകൾ മാറുന്നതിന്റെ സൂചന ആണിതെന്നും ബിജെപി നേതാക്കൾ അവകാശപ്പെടുന്നു. പാലായിൽ സഭയുടെ പിന്തുണ ബിജെപിക്ക് ആണെന്ന് സ്ഥാപിക്കാനും ബിജെപി നേതാക്കൾ ഇടയലേഖനം ഉപയോഗിക്കുന്നു. 

മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകൾ ഇടയലേഖനത്തിലൂടെ അനുകൂലമാക്കാനാകുമെന്ന് ബിജെപി കണക്കു കൂട്ടുന്നു. പാലാ ബിഷപ്പുമായുള്ള വ്യക്തിബന്ധവും ഇടയലേഖനത്തിന്റെ കാലിക പ്രസക്തിയും എടുത്തു കാണിച്ചു കൊണ്ടുള്ള ബിജെപി സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥനയും വാട്സ് ആപ്പ് വഴി ബിജെപി മണ്ഡലത്തിൽ പരമാവധി പ്രചരിപ്പിക്കുന്നുണ്ട്.