ചുമരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട ജീവിതം; താങ്ങും തണലുമേകാൻ 'പൊരുത്തം'

ജീവിതം ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ടതിനെത്തുടര്‍ന്ന് വിവാഹസ്വപ്നം പൂവണിയാത്ത ഭിന്നശേഷിക്കാര്‍ക്കായി തിരൂരില്‍ മെഗാ വിവാഹാലോചനാസംഗമം. രണ്ടായിരത്തോളം പേരാണ് തിരൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ഇണകളെ തേടിയെത്തിയത്. എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദ് ഡിസേബിള്‍ഡും കേരള മാരേജ് ഡോട്ട് കോമും ചേര്‍ന്നാണ് പൊരുത്തം എന്ന പേരില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. 

ഇത് കോഴിക്കോട് കൊടുവള്ളി സ്വദേശിനി നസീമ. തന്റെ വൈകല്യങ്ങളെ മറികടന്ന് പഠിച്ച് ബിരുദം നേടിയ മിടുക്കി. ജീവിതത്തില്‍ താങ്ങും തണലുമാകാന്‍ ഒരു പങ്കാളിയെ തേടിയാണ് നസീമ തിരൂരിലെത്തിയത്. 

മകളുടെ മംഗല്യം എന്ന സ്വപ്നം ഇതിലൂടെ യാഥാര്‍ഥ്യമാകുമെന്ന വിശ്വാസത്തിലാണ് രക്ഷിതാക്കള്‍. ഭിന്നശേഷിക്കാര്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനും മനസിലാക്കാനും അവസരമൊരുക്കുകയാണ് കൂട്ടായ്മ. ഭിന്നശേഷിക്കാരായതുകൊണ്ടുമാത്രം ജീവിതത്തില്‍ ഒറ്റപ്പെട്ട് പോകുന്നവര്‍ക്ക് പുതിയ പ്രതീക്ഷ പകരുകയാണ് പൊരുത്തമെന്ന പേരില്‍ സംഘടിപ്പിച്ച ഈ സംഗമം. രണ്ടുദിനങ്ങളിലായി നടന്ന പരിപാടിയില്‍ ഇതുവരെ 180പേരാണ് ജീവിതപങ്കാളികളെ കണ്ടെത്തിയത്.