ഒാടിപ്പോയ മകനെ ഇൗ അമ്മ കാത്തിരുന്നത് 40 വർഷം; ഒടുവിൽ തിരിച്ചെത്തി; ആനന്ദക്കണ്ണീർ

ഇൗ അമ്മയുടെ കാത്തിരിപ്പിന് ഒടുവിൽ ഫലമുണ്ടായി. നാടുവിട്ടുപോയ മകൻ തിരിച്ചെത്തിയ സന്തോഷത്തിലാണ് കാർത്യായനിയമ്മ. പതിനാറാം വയസ്സിൽ ആരോടും പറയാതെ നാടുവിട്ടുപോയ മകനു വേണ്ടി 40 കൊല്ലം അത്താഴമുപേക്ഷിച്ചാണ് ഇൗ അമ്മ കാത്തിരുന്നത്.

പല വട്ടം വീടിനടുത്തെത്തി തിരിച്ചുപോയ മകൻ ശശിധരൻ ഇപ്പോൾ അമ്മയ്ക്കൊപ്പം അത്താഴമുണ്ണാനുണ്ട്. മാതമംഗലം കണ്ടോന്താര്‍ ചെങ്ങളത്തെ കാര്‍ത്ത്യായനിയമ്മയുടെ മകന്‍ മടത്തില്‍ വീട് ശശിധരന്‍ തിരുവോണനാളിൽ വീട്ടിൽ തിരിച്ചെത്തിയതും ആരോടും പറയാതെ. 

പരേതനായ കെ.വി.കൃഷ്ണനും കാര്‍ത്ത്യായനിക്കും ശശിധരൻ അടക്കം 5 മക്കളായിരുന്നു. കണ്ടോന്താര്‍ ഇടമന യുപി സ്കൂളില്‍ നിന്ന് ഏഴാം ക്ലാസ്സ് കഴിഞ്ഞതോടെ ശശിധരനു സ്വന്തമായി എന്തെങ്കിലും ജോലി ചെയ്യണമെന്നായി ആഗ്രഹം. വീട്ടുകാർ സമ്മതിക്കില്ലെന്നറിയാം. അങ്ങനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു മംഗളൂരുവിലേക്കു ട്രെയിൻ കയറി. ഒരുപാടുകാലം ഒരുപാടു ഹോട്ടലുകളിൽ പണിയെടുത്തു. ഏറ്റവുമൊടുവിൽ കോഴിക്കോട് പാളയത്തെ ഹോട്ടലിലായിരുന്നു. 

ഇതിനിടയ്ക്കു വീട്ടിലേക്കു തിരിച്ചുവരാൻ പല തവണ തോന്നി. പയ്യന്നൂർ വരെയും പിന്നൊരിക്കൽ പിലാത്തറ വരെയും വന്നതുമാണ്. പക്ഷേ വീട്ടിലേക്കു കയറാൻ എന്തോ ഒരു മടി. ഇത്തവണ തിരുവോണത്തിനു പയ്യന്നൂരിലെത്തി ബസ് സ്റ്റാൻഡിനു സമീപത്തെ ഹോട്ടലിൽ ചായ കുടിക്കുമ്പോൾ ഒരാൾ വെറുതെ പരിചയപ്പെട്ടു. മാതമംഗലം കണ്ടോന്താറിലാണു വീടെന്നു മറുപടി പറഞ്ഞു. തിരുവോണമായതിനാൽ ബസ്സുകൾ കുറവാണ്, എങ്കിലും കണ്ടോന്താറിലേക്ക് ഇപ്പോൾ ഉടൻ ഒരു ബസ്സുണ്ട് എന്ന് അയാൾ ഓർമിപ്പിച്ചതോടെ വീണ്ടും വീട്ടിലെത്താൻ മോഹം. കണ്ടോന്താറിൽ ബസ്സിറങ്ങി സമീപത്തെ കടക്കാരോടു ചോദിച്ചു വീടു കണ്ടെത്തുകയായിരുന്നു. അമ്മയും മറ്റു ബന്ധുക്കളും ശശിധരനെ തിരിച്ചറിഞ്ഞു. നാട്ടുകാർക്കും വലിയ സന്തോഷം. 

ആനന്ദക്കണ്ണീരോടെ അമ്മയ്ക്കു മകനോടു പറയാനുള്ളത് ഒന്നു മാത്രം: ഇനിയെങ്കിലും എന്റെ അത്താഴം മുടക്കരുതു മോനേ. ഇനിയെന്നും അമ്മയോടൊപ്പം അത്താഴമുണ്ണണം എന്നു തന്നെ മകനും മോഹം.