ഓണത്തിരക്ക് കഴിഞ്ഞു പാലായിൽ പ്രചാരണത്തിന് വേഗം കൂട്ടി മുന്നണികൾ

ഓണത്തിരക്ക് കഴിഞ്ഞതോടെ പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേഗം കൂട്ടി മുന്നണികൾ. ഇടതുപ്രചാരണം അവലോകനം ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാലായിലെത്തി. എൻ.ഡി.എ സ്ഥാനാർഥിയുടെ വാഹന പര്യടനവും തുടങ്ങി. 

പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിലേക്കാണ് എൻ ഡി എ സ്ഥാനാർഥി എൻ.ഹരി വണ്ടി കയറിയത്. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ വാഹന പര്യടനം ഉദ്ഘാടനം ചെയ്തു.

സി പി എം സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന എൽ ഡി എഫ് തിരഞ്ഞെടുപ്പ് അവലോകന യോഗം പ്രചാരണ പ്രവർത്തനങ്ങൾ ഫലപ്രദമെന്ന് വിലയിരുത്തി. ജയിച്ചാൽ മാണി സി.കാപ്പൻ മന്ത്രിയാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് പാലായിലെത്തിയ മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.

 നിഷ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ യു ഡി എഫിന്റെ വനിതാ സ്ക്വാഡും പാലായിൽ പ്രചാരണം ശക്തമാക്കി. . അവലോകനം ചെയ്യാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും ഉൾപ്പെടെയുള്ള നേതാക്കളും അടുത്ത ദിവസം മണ്ഡലത്തിലെത്തും.