കുട്ടികളുടെ സങ്കടം കണ്ടു; രക്ഷകനായ നായയെ തിരികെ നല്‍കി ഉടമസ്ഥർ

ഒരു കുടുംബത്തിലെ 4 പേരുടെ ജീവൻ രക്ഷിച്ച  വളർത്തു നായയെ തേടി ഉടമസ്ഥരെത്തി. പക്ഷേ പോറ്റിയവരുടെ സ്നേഹം കണ്ട് തിരികെ നൽകി. ഏകഴിഞ്ഞ ദിവസം രാത്രിയിൽ കനത്ത മഴയിലും കാറ്റിലും തൊട്ടിക്കലിൽ തേക്കു മരം ഒടിഞ്ഞു വീണ് വൈദ്യുതി ലൈൻ പൊട്ടി റോഡിൽ വീണു കിടക്കുന്നതറിയാതെ എത്തിയ നെടുംകുന്നം തൊട്ടിക്കൽ ചെരുവിൽ മേരിക്കുട്ടിയും മകളും പേരക്കുട്ടികളുമാണ് ഇവർക്കൊപ്പം മുൻപിൽ നടന്നിരുന്ന നായയ്ക്ക് വൈദ്യുതാഘാതമേറ്റ് അലറിക്കരഞ്ഞ് തെറിച്ചു വീണതോടെ രക്ഷപ്പെട്ടത്. നായയുടെ കരച്ചിൽ കേട്ട് പരിശോധിച്ചപ്പോഴാണ് ലൈൻ പൊട്ടി വീണു കിടക്കുന്നത് കണ്ടത്. 

ഏറ്റുമാനൂർ മാടപ്പാട്ട് വി.എൽ.ജോണും കുടുംബവുമാണ് നായയുടെ ഉടമസ്ഥർ.  നായ രക്ഷകയായ വിവരം പത്ര വാർത്തയിലൂടെ അറിഞ്ഞ ഇവർ നായയെ തേടി തൊട്ടിക്കലിൽ എത്തുകയായിരുന്നു. ഇവരെ കണ്ട നായ ഓടി അടുത്തെത്തുകയും തിരിച്ചറിയുകയും ചെയ്തു. പപ്പി എന്ന പേരിൽ വീട്ടിൽ വളർത്തിയ നായയെ മറ്റൊരാളെ ഏൽപിച്ച ശേഷം 3 മാസം മുൻപാണ് ജോണും കുടുംബവും മലബാറിലേക്ക് പോയത്.

നാട്ടിൽ വന്ന് തിരക്കിയപ്പോൾ പപ്പി നാടുവിട്ട വിവരം അറിഞ്ഞു. അലഞ്ഞു തിരിഞ്ഞു നടന്ന നായ രണ്ടര മാസം മാസം മുൻപാണ് തൊട്ടിക്കൽ ചെരിവുപുറം മേരിക്കുട്ടിയുടെ വീട്ടിലെത്തിയത്. ആഹാരം നൽകിയതോടെ നായ ഇവരുടെ വീട്ടിൽ കഴിയുകയായിരുന്നു. നായയെ കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും മേരിക്കുട്ടിയുടെ പേരക്കുട്ടികളുടെ സങ്കടം കണ്ട് നായയെ ജോൺ ഇവർക്കു തന്നെ വിട്ടു നൽകുകയായിരുന്നു.