മൊബൈൽ ഫോൺ സംസാരം; 3000 രൂപ പിഴയും സാമൂഹിക സേവനവും

പുതുക്കിയ ഗതാഗത നിയമം അനുസരിച്ചു 6 ദിവസത്തിനുള്ളി‍ൽ മോട്ടർ വാഹന വകുപ്പ് ജില്ലയിൽ പിടികൂടിയത് 126 കേസുകൾ. പിഴയായി ഈടാക്കിയത് 2.28 ലക്ഷം രൂപ. പരിശോധന സമയത്ത് പിഴത്തുക നൽകാൻ ഇല്ലാത്തവരോട് 7 ദിവസത്തിനുള്ളിൽ ആർടി ഓഫിസുകളിൽ അടയ്ക്കാൻ നോട്ടിസ് നൽകിയിട്ടുണ്ട്.നിശ്ചിത ദിവസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനായി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം.

പരിശോധന സമയത്ത് പിടികൂടിയ വിവിധ കേസുകളിലായി 2 ലക്ഷത്തോളം രൂപ പിഴയായി ഇനിയും അടയ്ക്കാനുണ്ട്. മോട്ടർ വാഹന വകുപ്പിനു പുറമേ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒട്ടേറെ കേസുകളും ജില്ലയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മോട്ടർ വാഹന വകുപ്പിന്റെ 5 സംഘങ്ങളാണു ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി പരിശോധന നടത്തുന്നത്.

ഹെൽമറ്റ് വയ്ക്കാത്തതിനു 52 പേരെയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനു 19 പേരെയും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനു 13 പേരെയും ആവശ്യമായ രേഖകൾ സൂക്ഷിക്കാത്തതിനു ഒൻപതും മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചതിനു അ‍ഞ്ചും ലൈസൻസ് ഇല്ലാതെ മറ്റൊരാളുടെ വാഹനം ഓടിച്ചതിനു രണ്ടു കേസുകളുമാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. മറ്റു നിയമ ലംഘനം നടത്തിയതിനാണ് മറ്റുള്ളവരെ പിടികൂടിയത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം.

ബൈക്ക് യാത്രക്കാരനു പിഴ 13,000 രൂപ

മറ്റൊരാളുടെ ബൈക്ക് ലൈസൻസ് ഇല്ലാതെ ഓടിച്ച യുവാവ് പിഴ അടയ്ക്കേണ്ടത് 13000 രൂപ. ഉടമയുടെ വാഹനം ലൈസൻസ് ഇല്ലാതെ മറ്റൊരാൾ ഉപയോഗിച്ചാൽ 10,000 രൂപയാണ് പിഴ. ഇതിനു പുറമേ ലൈസൻസ് ഇല്ലാത്തതിനും ബൈക്കിന്റെ ഇൻഷ്യൂറൻസ് പുതുക്കാത്തതിനും ഹെൽമറ്റ് വയ്ക്കാത്തതിനുമായി മൂവായിരം രൂപ ഉൾപ്പെടെ 13,000 രൂപയുമാണ് അടയ്ക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

 മൊബൈൽ ഫോൺ സംസാരം; 3000 രൂപ പിഴയും സാമൂഹിക സേവനവും

മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചാൽ 3000 രൂപ പിഴ ഈടാക്കുന്നതിനു പുറമെ 15 ദിവസം സാമൂഹ്യസേവനവും ചെയ്യണം. ആശുപത്രി, വയോജന മന്ദിരം, പാലിയേറ്റീവ് കെയർ തുടങ്ങിയ സർക്കാർ കേന്ദ്രങ്ങളിൽ 15 ദിവസം സേവനം ചെയ്യണം. നിലവിൽ 5 കേസുകൾ മോട്ടർ വാഹന വകുപ്പ് പിടികൂടിയിട്ടുണ്ട്. 3000 രൂപ പിഴയായി ഈടാക്കിയെങ്കിലും സാമൂഹ്യസേവനം ചെയ്യാൻ നിർദേശിച്ചിട്ടില്ല. എന്നാൽ അടുത്ത ദിവസം മുതൽ ഇതു ചെയ്യാൻ നിർദേശിക്കുമെന്ന് അധികൃതർ അറിയിച്ചു.