ജപ്തി ചെയ്ത വീട്ടിൽ കഴിയണം; വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി; എംഎൽഎ പൂട്ടുപൊളിച്ചു

ആറു മണിക്കൂറാണ് ഇൗ വീട്ടമ്മ വീടിന് മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവിൽ ആ ആവശ്യത്തിന് മുന്നിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വഴങ്ങേണ്ടി വന്നു. ബാങ്ക് ജപ്തിചെയ്ത വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി. അയിര എച്ച്എസ്എസിന് സമീപം ആർഎസ് ഭവനിൽ പരേതനായ രാജന്റെ ഭാര്യ സെൽവിയാണ് ഭീഷണി മുഴക്കിയത്. ജനപ്രതിനിധികൾ, തഹസിൽദാർ തുടങ്ങിയവർ സ്ഥലത്തെത്തി വീട് തുറക്കാൻ തിരുമാനിച്ചതോടെയാണ് വീട്ടമ്മ താഴെയിറങ്ങിയത്.

2004ൽ സെൽവിയുടെ ഭർത്താവ് രാജൻ വിജയാ ബാങ്ക്( നിലവിൽ ബാങ്ക് ഒ‍ാഫ് ബറോഡ)യുടെ പനച്ചമൂട് ശാഖയിൽ നിന്ന് വീട് നിർമിക്കാൻ അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കടബാധ്യതകളെ തുടർന്ന് നാല് വർഷം മുൻപ് രാജൻ ആത്മഹത്യ ചെയ്തു. പലതവണയായി ആറരലക്ഷം രൂപ  അടച്ചെങ്കിലും ആറ് ലക്ഷം രൂപ കൂടി കുടിശ്ശികയുണ്ടെന്ന് കാട്ടി ബാങ്ക് നിയമനടപടി തുടങ്ങി. കോടതി വിധിയെ തുടർന്ന് കഴിഞ്ഞ 31ന് വൈകിട്ട് പെ‍ാലീസിന്റെ സഹായത്തോടെ എത്തിയ ബാങ്ക് അധികൃതർ ബലമായി സെൽവിയെ പുറത്താക്കി വീട് പൂട്ടി മുദ്രവച്ചു. താമസിക്കാൻ സ്ഥലമില്ലാത്തതിനാൽ വീടിന്റെ വരാന്തയിലാണ് രാത്രി കഴിഞ്ഞത്. ഇന്നലെ രാവിലെ ഒൻപതോടെ സെൽവിയെ വീടിന് മുകളിൽ കണ്ട അയൽവാസികൾ പെ‍ാലീസിൽ വിവരമറിയിച്ചു.

കെ.ആൻസലൻ എംഎൽഎ, നെയ്യാറ്റിൻകര തഹസിൽദാർ മോഹൻകുമാർ, വിഎസ്ഡിപി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവർ സ്ഥലത്തെത്തി.ബാങ്ക് അധികൃതരെ വിവരം അറിയിച്ചപ്പോൾ എത്തുമെന്നായിരുന്നു മറുപടി. ഉച്ചയ്ക്ക് 2 മണിയായിട്ടും ഇവർ എത്താത്തതിനാൽ വീട് തുറന്ന് നൽകാൻ ജനപ്രതിനിധികളും ഉദ്യോ‍ഗസ്ഥരും തീരുമാനിച്ചതോടെയാണ് സെൽവി താഴെയിറങ്ങാൻ തയാറായത്.

തുടർന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പൂട്ട് തകർത്ത് വീട്ടമ്മയ്ക്ക് താമസിക്കാൻ സാഹചര്യം ഒരുക്കി. ബാങ്ക് അധികൃതരുമായി ഉടൻ ചർച്ച നടത്തി അനുകൂലനടപടികൾക്ക് ശ്രമം നടത്തുമെന്ന് കെ.ആൻസലൻ എംഎൽഎ അറിയിച്ചു. സംഭവമറിഞ്ഞ് പാറശാല, ചെങ്കൽചൂള എന്നിവിടങ്ങളിൽ അഗ്നിരക്ഷാസേനയും പെ‍ാലീസും സ്ഥലത്തെത്തിയിരുന്നു.