വിവാഹപ്പന്തലൊരുങ്ങേണ്ട വീട്ടിൽ കണ്ണീർക്കടൽ; നടുങ്ങി നാട്

കായംകുളം: വിവാഹപ്പന്തലൊരുങ്ങേണ്ട വീട്ടുമുറ്റത്ത് കണ്ടതു കണ്ണീരൊഴിയാത്ത മുഖങ്ങൾ. അടുത്ത മാസം 8നു വിവാഹിതനാകേണ്ട ഷമീർഖാന്റെ മരണം ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് പിതാവ് താജുദ്ദീനും മാതാവ് നസീമയുംഷമീർ വിവാഹഒരുക്കങ്ങൾക്കായി  20 ദിവസം മുൻപാണ് നാട്ടിലെത്തിയത്. ബന്ധുവായ ശാസ്താംകോട്ട സ്വദേശിനിയുമായാണ് വിവാഹം ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഷമീറിന്റെ അനിയന്റെ ഭാര്യവീട്ടുകാർ എത്തിയിരുന്നു. ഇവർക്കു വിരുന്നൊരുക്കാൻ വേണ്ട സാധനങ്ങൾ വാങ്ങി നൽകിയാണ് ഷമീർ അടുത്ത വീട്ടിലേക്കു പോയത്. ഇവിടെനിന്നാണ് സുഹൃത്തുക്കളോടൊപ്പം രാത്രി കായംകുളം ടൗണിലേക്കു പോയത്.

വൈകിയിട്ടും ഭക്ഷണം കഴിക്കാൻ കാണാത്തതിനെ തുടർന്ന് ഉമ്മ അടുത്ത വീട്ടിൽ അന്വേഷിച്ചെത്തിയപ്പോൾ അവിടെയില്ലെന്ന് അറിഞ്ഞു. പിന്നീട് കേട്ടത് അപകടവാർത്തയാണ്. പിതാവ് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴേക്കും മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയിരുന്നു. മകന്റെ മൃതദേഹം കാണാൻ കരുത്തില്ലാത്തതിനാൽ അങ്ങോട്ടു പോയില്ലെന്നു താജുദ്ദീൻ പറഞ്ഞു. താജുദ്ദീൻ 20 വർഷമായി സൗദിയിലാണ്. 9 മാസം മുൻപാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയത്. ഷമീറിന്റെ അനുജൻ, ദുബായിൽ ജോലി ചെയ്തിരുന്ന അക്ബർ ഷായും അപകടവിവരമറി‍ഞ്ഞ് നാട്ടിലെത്തി.

വിവാഹശേഷം പുതിയ വീടുവയ്ക്കാൻ ഷമീർ ആലോചിച്ചിരുന്നെന്ന് താജുദ്ദീൻ കണ്ണീരോടെ പറയുന്നു. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും കരച്ചിലടക്കാൻ പാടുപെട്ടു. ഷമീറിന്റെ കബറടക്കം സന്ധ്യയോടെ കായംകുളം ഷെഹീദാർ പള്ളിയിൽ നടത്തി.‌‌