പൂക്കളമിടാനുള്ള ചെണ്ടുമല്ലി ദാ ടെറസിലുണ്ട്; പൂക്കൃഷിയിൽ നൂറുമേനിയുമായി ബാങ്ക് ജീവനക്കാർ

ഓണത്തെ വരവേൽക്കാൻ ഓഫിസ് കെട്ടിടത്തിന്റെ ടെറസിൽ ചെണ്ടുമല്ലി കൃഷിയുമായി ബാങ്ക് ജീവനക്കാർ. തളിപറമ്പ് കാർഷിക വികസന ബാങ്കിന്റെ പയ്യന്നൂർ ബ്രാഞ്ചിലെ ജീവനക്കാരാണ് പൂവ് കൃഷിയിൽ നൂറുമേനി കൊയ്തത്. 

കഴിഞ്ഞ നാലുവർഷം പച്ചക്കറി കൃഷിയിൽ വിജയം കൊയ്തവർ ഇത്തവണ പൂ കൃഷി പരീക്ഷിച്ചു. ജീവനക്കാരെല്ലാം മത്സരിച്ച് പരിചരിച്ചു. നട്ടു നനച്ച് വളർത്തിയ ചെണ്ടുമല്ലി ചെടികൾ ചതിച്ചില്ല. ഓണക്കാലത്ത് നിറയെ പൂത്തിരിക്കുന്നു. മഞ്ഞയും ഓറഞ്ചും നിറത്തിൽ മല്ലിക ടെറസിൽ നിറഞ്ഞിരിക്കുന്നത് മനോഹര കാഴ്ചയാണ്. ഇത്തവണത്തെ കനത്ത മഴയെയും കാറ്റിനേയും അതിജീവിച്ചാണ് ചെടികൾ പൂവിട്ടത്. സ്വന്തം അധ്വാനത്തിലൂടെ ഓണപൂക്കളമൊരുക്കാൻ പൂവുകൾ ഉണ്ടാക്കിയതിന്റെ സന്തോഷത്തിലാണ് ജീവനക്കാർ.

ഫെയ്സ്ബുക്ക് കൂട്ടായ്മയായ കൃഷിത്തോട്ടമാണ് തൈകൾ നൽകിയത്. കൃഷിയിൽ ഇനിയും നേട്ടങ്ങൾ കൊയ്യാമെന്ന ആത്മവിശ്വാസത്തോടെയാണ് കാർഷിക ബാങ്കിലെ ജീവനക്കാർ ഈ ഓണത്തെ വരവേൽക്കാനൊരുങ്ങുന്നത്.