കക്കയം പദ്ധതി പഴയ നിലയിലേക്ക്; മലബാറിൽ വൈദ്യുതി നിയന്ത്രണം ഭാഗികം

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കോഴിക്കോട് കക്കയം ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ണതോതിലാകും. ആദ്യഘട്ടമായി എഴുപത്തി അഞ്ച് മെഗാവാട്ടിന്റെ ഉല്‍പാദനം കഴിഞ്ഞദിവസം തുടങ്ങി. മലബാറിലെ വൈദ്യുതി വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും ഭാഗികമായി പിന്‍വലിച്ചു.

മണ്ണും കല്ലും മൂടിയ വൈദ്യുതിനിലയത്തിന്റെ മറ്റ് ഭാഗങ്ങള്‍ പൂര്‍ണമായും വൃത്തിയാക്കുന്ന നടപടി അടുത്തദിവസം പൂര്‍ത്തിയാകും. ഇതോടെ നൂറ്റി അന്‍പത്തി ആറ് മെഗാവാട്ട് കൂടി ഉല്‍പാദിപ്പിക്കാനാകും. ആദ്യഘട്ടമെന്ന നിലയില്‍ എഴുപത്തി അഞ്ച് മെഗാവാട്ടിന്റെ ഉല്‍പാദനം കഴിഞ്ഞദിവസം തുടങ്ങിയിരുന്നു. കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരുടെ സേവനം ഇരുപത്തി നാല് മണിക്കൂറും ഉറപ്പാക്കിയാണ് പണികള്‍ പുരോഗമിക്കുന്നത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് പ്ലാന്റിലേക്ക് മണ്ണും ചെളിയും വന്‍തോതില്‍ ഒഴുകിയെത്തിയിരുന്നു. കക്കയത്തെ ഉല്‍പാദനം നിര്‍ത്തിയതിനെത്തുടര്‍ന്ന് മലബാര്‍ മേഖലയില്‍ ഒരാഴ്ചയായി വൈദ്യുതിവിതരണത്തിന് നിയന്ത്രണമുണ്ട്.

 ഇത് ഭാഗികമായി പിന്‍വലിച്ചു. നിലവില്‍ പ്രതിസന്ധിയില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. ആദ്യമായാണ് ഇത്തരത്തില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനത്തെപ്പോലും തടസപ്പെടുത്തുന്ന തരത്തില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. മഴ മാറിയാലുടന്‍ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നവീകരണ ജോലികള്‍ തുടങ്ങുന്നതിനും തീരുമാനമുണ്ട്.