ഇടുക്കിയിലും എറണാകുളത്തും കനത്ത മഴ; പ്രധാന റോഡുകൾ വെള്ളത്തിൽ

ഇടുക്കിയിലും എറണാകുളത്തും ആശങ്ക വിതച്ച് കനത്തമഴ തുടരുന്നു. ആലുവയടക്കം പെരിയാറിന്റെ തീരത്തുള്ള പ്രദേശങ്ങളില്‍ വെള്ളം കയറി. മൂന്നാര്‍ കുമളി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു. ഇടുക്കിയിലെ നാല് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

രാവിലെ 9 മണിമുതല്‍ എറണാകുളം ജില്ലയില്‍ പരക്കെ മഴയാണ്. ആദ്യം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും മഴയുടെ തോത് വര്‍ധിച്ചതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. വരുന്ന രണ്ട് ദിവസം 20 സെന്റീമീറ്ററില്‍ അധികം മഴ ലഭിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. നിര്‍ത്താതെ മഴ പെയ്തതോടെ കൊച്ചിയിലെ പ്രധാന റോഡുകള്‍ വെള്ളത്തിനടിയിലായി.

എറണാകുളത്ത് 63 ദൂരിതാശ്വാസ ക്യംപുകളിലായി 11,000 പേരാണ് നിലവിലുള്ളത്. ആലുവയിലാണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍. . മഴ കനത്തതിനെ തുടര്‍ന്ന് വീടുകളിലേക്ക് മടങ്ങിയവരോട് ക്യാംപിലേക്ക് തിരികെ വരാന്‍ നിര്‍ദേശം നല്‍കി.

ഇടുക്കിയിലും മഴയ്ക്ക് കുറവില്ല. മൂന്നാര്‍ കുമളി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു. വിനോദസഞ്ചാരികള്‍ക്ക് നാളെവരെ ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കി അണക്കെട്ടിന്റെ സംഭരണശേ‌ഷിയുടെ 40 ശതമാനം വെള്ളമാത്രമാണ് നിലവിലുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 129 അടി പിന്നിട്ടു... മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ മൂന്നാര്‍ ഹെഡ് വര്‍ക്ക്സ് ഡാം എന്നിവയുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.