കാരുണ്യ സ്പർശവുമായി യൂസഫലി; ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി‌

ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ കുടുംബത്തിന് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. 10 ലക്ഷം രൂപയാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ബഷീറിന്റെ കുടുംബത്തിന് അദ്ദേഹം കൈമാറിയത്. യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ എ ഹാരീസ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി സ്വരാജ് എന്നിവർ ചേർന്നാണ് ഭാര്യ ജസീലയുടെ പേരിലുള്ള ഡ്രാഫ്റ്റ് കൈമാറിയത്. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച യുവ മാധ്യമപ്രവർത്തകനെയാണ് സംസ്ഥാനത്തിന് നഷ്ടമായതെന്ന് യൂസഫലി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മാധ്യമപ്രവർത്തകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് കഴിഞ്ഞ ദിവസമാണ് യൂസഫലി അറിയിച്ചിരുന്നത്. 

ശനിയാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടത്തിൽ കെ. എം . ബഷീറിന് ജീവൻ നഷ്ടമായത്. അമിത വേഗത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ മ്യൂസിയം റോഡിൽ വച്ച് ബഷീറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. കേസിൽ ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിക്കുകയായിരുന്നു. ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം ഇല്ലെന്ന ലാബ് പരിശോധനാഫലത്തെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. 

അപകടം ഉണ്ടായിട്ടും പത്ത് മണിക്കൂറോളം കഴിഞ്ഞാണ് രക്തസാംപിൾ പൊലീസ് ശേഖരിച്ചത്. ഇത് പ്രതിയെ രക്ഷിക്കാനാണെന്ന് ആരോപണം ഉയർന്നിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ശ്രീറാമിന് പൊലീസ് ചികിത്സയും അനുവദിച്ചിരുന്നു. ശ്രീറാമിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീലും ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്നും തെളിവുകൾ ഹാജരാക്കിയില്ലെന്നും കോടതി വിമർശിക്കുകയും ചെയ്തു.