ലൈറ്റ് മെട്രോയ്ക്ക് പുതുജീവൻ; കടമ്പകളേറെ; അലൈൻമെന്റ് മാറ്റും

ലൈറ്റ് മെട്രോ പദ്ധതിക്ക് പുതുജീവന്‍. തിരുവനന്തപുരത്തെ ലൈറ്റ് മെട്രോയുടെ അലൈൻമെന്റിൽ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  ടെക്നോപാർക്ക് കൂടി ഉൾപ്പെടുത്തി പുതിയ അലൈന്‍മെന്റ് തയ്യാറാക്കാനാണ് കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷന്റെ ഡയറക്ടർ ബോർഡ് യോഗത്തിന്റെ തീരുമാനം. എന്നാല്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് ഇനിയും കടമ്പകളേറെ കടക്കാനുണ്ട്.

ടെക്നോപാർക്കിലേയ്ക്കുള്ള ഗതാഗതസംവിധാനം മെച്ചപ്പെടുത്തണമെന്നു നിസാന്‍ അടക്കമുള്ള നിക്ഷേപകർ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് അലൈന്‍മെനറ് മാറ്റിയത്. നിലവിലെ രൂപരേഖപ്രകാരം കഴക്കൂട്ടത്തു നിന്ന് ദേശീയപാത വഴി കാര്യവട്ടത്തുകൂടിയാണ് ലൈറ്റ് മെട്രോ. ടെക്നോപാർക്കിലെ ജീവനക്കാർക്കുകൂടി പ്രയോജനം ലഭിക്കുന്ന വിധത്തിൽ രൂപരേഖ മാറ്റണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ബൈപാസ് വഴി ലൈറ്റ്മെട്രോയുടെ അലൈൻമെന്റ് മാറ്റിയാൽ എയർപോർട്ടും സംസ്ഥാന സർക്കാരിന്റെ നിർദിഷ്ടജലപാതയുമായി ബന്ധിപ്പിക്കുകയും ചെയ്യാം. 

അലൈൻമെന്റ് പുതുക്കിയ ശേഷം തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾ ഒരുമിച്ചു കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനു സമർപ്പിക്കും. അലൈൻമെന്റ് മാറ്റണമെങ്കിൽ സാധ്യതാപഠനം ഉൾപ്പെടെ വീണ്ടും നടത്തണം. ടെക്നോപാർക്കിനു മുന്നിൽ മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങിയതിനാൽ ബൈപാസ് വഴി ലൈറ്റ് മെട്രോ വഴി തിരിച്ചുവിടാൻ പ്രായോഗികമായ തടസങ്ങളുമുണ്ട്. സ്ഥലമെടുപ്പിനെതിരെ പ്രതിഷേധത്തിനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ പദ്ധതി വീണ്ടും വൈകും. ഇത് ഒഴിവാക്കാന്‍ അടിപ്പാത നിർമാണവും പരിഗണനയിലുണ്ട്. 

പദ്ധതിയുടെ പുതുക്കിയ രൂപരേഖ നവംബറില്‍ തയാറാക്കിയ സമയത്ത് 7500 കോടി രൂപയാണ് ചെലവു പ്രതീക്ഷിച്ചിരുന്നത്. പദ്ധതി വൈകുന്തോറും ചെലവ് വർധിക്കും. എട്ടുമാസം മുമ്പ് രൂപരേഖകിട്ടിയപ്പോള്‍ തന്നെ അലൈന്‍മെന്റ് മാറ്റുന്നതിനുളള തീരുമാനം സര്‍ക്കാര്‍ എടുത്തിരുന്നെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നു. ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡി.എം.ആര്‍.സിയും ഇ. ശ്രീധരനും പിന്‍മാറിയതിനു ശേഷം ഇപ്പോഴാണ് പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുന്നത്.