‘മോദിയെ മാത്രമല്ല പിണറായിയെയും അഭിനന്ദിച്ചു’; ‘സംഘി’യാക്കിയ സഖാക്കളോട് അമൽ

18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം യൂണിേവഴ്സിറ്റി കോളജിൽ ഇന്നലെ കെഎസ്​യു യൂണിറ്റ് ആരംഭിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ഇടതുപാളയത്തിൽ നിന്നും സൈബർ ആക്രമണമാണ് നടക്കുന്നത്. പ്രധാനമായും യൂണിറ്റ് പ്രസിഡന്റായി സ്ഥാനമേറ്റ അമൽചന്ദ്രയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ മുൻനിർത്തിയാണ് ആക്ഷേപം. ഒരു സംഘിയെയാണ് കെഎസ്​യു പ്രസിഡന്റാക്കിയതെന്ന് ആക്ഷേപിച്ച് പോസ്റ്റുകൾ വൈറലാവുകയാണ്. ഇൗ പ്രചാരണത്തിനെതിരെ അമൽചന്ദ്ര മനോരമ ന്യൂസ് ഡോട്ട്കോമിനോട് പ്രതികരിക്കുന്നു.

‘ഞങ്ങൾ ഒരു യൂണിറ്റ് ഉണ്ടാക്കിയപ്പോൾ എന്തിനാണ് ഇവർ ഇങ്ങനെ പേടിക്കുന്നത്? എസ്എഫ്ഐയുടെ കുത്തകയായിട്ടുള്ള കോളജാണ് യൂണിവേഴ്സിറ്റി കോളജ്. ഇന്നലെ ഞങ്ങൾ യൂണിറ്റ് ഉണ്ടാക്കി. കേരളത്തിലെ മാധ്യമങ്ങൾ അതിന് പ്രധാന്യം നൽകി. ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ഞാൻ സംഘിയായി. മോദി ഭക്തനായി. ഇന്നലെ വരെ എന്നെക്കുറിച്ച് അങ്ങനെ ഒരു ആരോപണമില്ല. ഇന്ന് എന്തുകൊണ്ട് ഉണ്ടായെന്ന് കാണുന്നവർക്ക് മനസിലാകും. എന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഉയർത്തിയാണ് ഇൗ പ്രചാരണം. 

നരേന്ദ്രമോദി അധികാരത്തിലേറിയപ്പോൾ ഞാൻ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. അതുപോലെ തന്നെ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോഴും ഞാൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. മോദിയെ അഭിനന്ദിച്ചപ്പോൾ എന്നെ സംഘിയാക്കിയ സഖാക്കൾ ഞാൻ പിണറായിയെ അനുമോദിച്ചതിന് എന്നെ അവർ കമ്മ്യൂണിസ്റ്റാക്കുമോ. ഇതൊരു ജനാധിപത്യമര്യാദയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വരെ പ്രധാനമന്ത്രിയെ അനുമോദിച്ചിരുന്നല്ലോ. അപ്പോഴോ?. കാവി ലുങ്കി ഉടുത്ത ചിത്രം ഉയർത്തിയാണ് അടുത്ത പ്രചാരണം. ഇതിനൊക്കെ എന്താണ് പറയേണ്ടത്. പുച്ഛം തോന്നുന്നു എന്നല്ലാതെ ഒന്നും പറയാനില്ല. എന്റെ അച്ഛൻ കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു. കെഎസ്​യു യൂണിറ്റിനെ ഇവർ എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണിതെല്ലാം.

യൂണിറ്റ് രൂപീകരിച്ച ശേഷം ഭീഷണിയുണ്ടോ?

ഉണ്ട്. ഒട്ടേറെ ഭീഷണി കോളുകൾ വരുന്നുണ്ട്. ഇന്ന് തന്നെ ഉമ്മർ എന്ന പേരുപറഞ്ഞ് പരിചയപ്പെടുത്തിയ വ്യക്തി മോശമായിട്ടാണ് സംസാരിച്ചത്. മനപൂർവം പ്രശ്നമുണ്ടാക്കുന്ന രീതീയിലാണ് അയാൾ സംസാരിച്ചത്. എനിക്ക് മാത്രമല്ല യൂണിറ്റിലെ മറ്റ് അംഗങ്ങൾക്കും സമാനതരത്തിൽ ഭീഷണിയുണ്ട്. കോളജ് ഹോസ്റ്റലിൽ നിൽക്കുന്ന മൂന്നു യൂണിറ്റ് അംഗങ്ങൾക്കെതിരെ ഇന്നലെ ഭീഷണിയുണ്ടായിരുന്നു. ഹോസ്റ്റലിലെത്തുന്ന അവരെ കായികമായി നേരിടാനുള്ള നീക്കം അവിടുത്തെ എസ്എഫ്ഐക്കാർ നടത്തുന്നതായി ഞങ്ങൾക്ക് വിവരം കിട്ടി. അവർ ഹോസ്റ്റലിലേക്ക് വരാതിരിക്കുന്നതാണ് നല്ലതെന്ന് അവിടുത്തെ സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞു. പിന്നീട് ഞങ്ങൾ ഇക്കാര്യം പൊലീസിലും മാധ്യമങ്ങളോടും പറഞ്ഞതിന് ശേഷമാണ് അവർ ഇന്നലെ ഹോസ്റ്റലിലേക്ക് പോയത്. ഇത്തരത്തിലാണ് എസ്എഫ്ഐ ഇപ്പോഴും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. രണ്ടായാലും പിന്നോട്ടില്ല. അതുമാത്രം അവരോട് പറയുന്നു. 

കെഎസ്​യു കോളജ് യൂണിറ്റ് അംഗങ്ങൾക്കെതിരായ ഇത്തരം വ്യാജ ആരോപണങ്ങൾ അവഗണനയോടെ പുച്ഛിച്ച് തള്ളുന്നുവെന്ന് കെഎസ്​യു സംസ്ഥാന സെക്രട്ടറി ആദർശും വ്യക്തമാക്കി. ഇന്നലെയാണ് അമല്‍ചന്ദ്ര പ്രസിഡന്റ്ായും ആര്യ എസ്. നായര്‍ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്ത് കെഎസ്​യു യൂണിവേഴ്സിറ്റി കോളജില്‍ 18 വര്‍ഷത്തിന് ശേഷം യൂണിറ്റ് രൂപീകരിക്കുന്നത്.