പ്രളയാനന്തര നഷ്ടപരിഹാരമില്ല; അവഗണന മനപൂർവമെന്ന് പരാതി

പ്രളയത്തില്‍ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ച അംഗവൈകല്യമുള്ള ആളുടെ കുടുംബത്തെ,, സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ആക്ഷേപം. പതിനായിരം രൂപ സഹായം ലഭിച്ചെങ്കിലും അറ്റകുറ്റപ്പണികള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ നടപടിയുണ്ടായില്ല.  പ്രദേശത്തെ മറ്റുവീടുകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെന്നും തങ്ങളെ മനഃപൂര്‍വം അവഗണിക്കുകയാണെന്നുമാണ് പരാതി.  

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്ക് ഏഴാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന കുട്ടനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. പ്രളയം കേരളത്തെയാകെ പിടിച്ചുകുലുക്കിയപ്പോള്‍ ഇവരുടെ വീടും, ഉപജീവനമായിരുന്ന പശുക്കളുമെല്ലാം നശിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകളുള്ളതിനാല്‍, വീട്ടുജോലിക്കും പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ധനസഹായം ലഭിച്ചെങ്കിലും വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ കൂടുതല്‍ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ പ്രദേശത്തെ മറ്റുവീടുകള്‍ക്കെല്ലാം സഹായം ലഭിച്ചെന്നും പട്ടികയില്‍ നിന്ന് തങ്ങളെ മനഃപൂര്‍വം ഒഴുവാക്കിയെന്നുമാണ് ആക്ഷേപം.

പ്രദേശത്തെ അഞ്ചോളം വീടുകളില്‍ സമാനമായ സ്ഥിതിയാണ്. കാരണം അന്വേഷിക്കാന്‍ നാട്ടുകാര്‍ വില്ലേജ് ഓഫീസറെ സമീപിച്ചെങ്കിലും വീടിന് അത്രമാത്രം കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.

പ്രളയത്തിന്റെ ഒന്നാം വാര്‍ഷികം അടുക്കുമ്പോഴും പഴയ ജീവിതത്തിലേക്ക് തിരികെയെത്താനുള്ള സഹായം ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണിവര്‍