കര്‍ഷകന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുല്‍; കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് ഉറപ്പ്

വയനാട് പുല്‍പ്പള്ളിയിൽ ആത്മഹത്യ ചെയ്ത കര്‍ഷകൻ എങ്കിട്ടന്റെ  കുടുംബവുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു . കുടുംബത്തോടൊപ്പമുണ്ടാകുമെന്നും  വയനാട്ടിലെത്തുമ്പോള്‍ സന്ദര്‍ശിക്കുമെന്നും എങ്കിട്ടന്റെ ഭാര്യ ജയമ്മയോട് രാഹുൽ ഗാന്ധി പറഞ്ഞു .വിഷയം ലോക്സഭയിൽ ഉന്നയിച്ചത് അറിയിച്ചു. 

പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് പിപി പ്രകാശന്റെ ഫോണിലേക്കാണ് രാഹുൽ ഗാന്ധി വിളിച്ചത്. രാഹുൽ ഇംഗ്ളീഷിൽ പറഞ്ഞത് പ്രകാശൻ കുടുംബത്തിന് മലയാളത്തിൽ പരിഭാഷപ്പെടുത്തി. രാഹുൽ ഗാന്ധി വിളിക്കുമെന്ന് നേരത്തെ ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. നാല് മിനുട്ടോളം രാഹുൽ ഗാന്ധി സംസാരിച്ചു. ഇന്നലെയാണ് പുൽപ്പള്ളി മരക്കടവ് സ്വദേശിയായ എങ്കിട്ടനെ വിഷം കഴിച്ചു മരിച്ചനിലയിൽ കണ്ടെത്തിയത് .

അതേസമയം വയനാട്ടിലെ കര്‍ഷക ആത്മഹത്യയും മൊറട്ടോറിയം പ്രതിസന്ധിയും ലോക്സഭയില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചു. കാര്‍ഷക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടാന്‍ റിസര്‍വ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉണ്ടായതല്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മറുപടി നല്‍കി.